supreme-court

ന്യൂഡൽഹി: അക്രമം വളർത്തുന്ന ടി.വി പരിപാടികൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ഇത്തരം പരിപാടികൾ നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടത് ക്രമസമാധാനപാലനത്തിന് പ്രധാനമാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഡൽഹിയിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തെ വർഗീയവത്കരിച്ച് ഒരുവിഭാഗം മാദ്ധ്യമങ്ങൾ നൽകിയ വാർത്തകൾക്കെതിരെ ജം ഇയ്യത്തുൽ ഉലമായെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു പരാമർശം.

കർഷകർ ഡൽഹിയിൽ പ്രവേശിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം ഡൽഹിയിൽ ഇന്റർനെറ്റ്, മൊബൈൽ എന്നിവ വിച്ഛേദിച്ചിരുന്നു. അതേസമയം, ടി.വിക്ക് എന്തു സംഭവിച്ചുവെന്ന് തനിക്കറിയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇത്തരം പരിപാടികൾ നിയന്ത്രിക്കുന്നതിന് ന്യൂസ് ബ്രോഡ് കാസ്റ്റേഴ്സ് സ്റ്റാൻഡേഡ് അസോസിയേഷൻ (എൻ.ബി.എസ്.എ) പോലുള്ള സ്വയംഭരണ സമിതികളുണ്ടെന്ന് കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. എന്നാൽ എൻ.ബി.എസ്.എ പോലുള്ള ഏജൻസിയെ ഏൽപ്പിക്കാതെ നേരിട്ട് നിയന്ത്രിക്കുന്നതിനുള്ള അധികാരം സർക്കാരിനുണ്ടെന്ന് കോടതി പറഞ്ഞു.