ന്യൂഡൽഹി: ചെങ്കോട്ടയിലെ റിപ്പബ്ളിക്ദിന സംഘർഷത്തിന്റെ മറവിൽ സമര കേന്ദ്രങ്ങളിൽ നിന്ന് കർഷകരെ തുരത്താനുള്ള സർക്കാരിന്റെ ശ്രമം പൊളിഞ്ഞു. ഒഴിപ്പിക്കാൻ പൊലീസ് എത്തിയെന്നറിഞ്ഞ് ഹരിയാനയിൽ നിന്നും പഞ്ചാബിൽ നിന്നും കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലെ സമരകേന്ദ്രങ്ങളിലേക്കെത്തി.
ഡൽഹി-യു.പി അതിർത്തിയിലെ ഗാസിപ്പുരിലെ സമരകേന്ദ്രം ഒഴിപ്പിക്കാനുള്ള യു.പി സർക്കാരിന്റെ നീക്കം വെള്ളിയാഴ്ച പുലർച്ചയോടെ പൊലീസും ജില്ലാ ഭരണകൂടവും ഉപേക്ഷിച്ചു. ജലവിതരണവും വൈദ്യുതിയും അധികൃതർ പുനഃസ്ഥാപിച്ചിട്ടുണ്ട്.
നൂറുകണക്കിന് കർഷകർ ഗാസിപ്പൂരിൽ ഉപരോധം ശക്തമാക്കി. ഇവിടെ ഒഴിപ്പിക്കാൻ യു.പി. ഭരണകൂടം മൂന്നുതവണ പൊലീസിന് നിർദേശം നൽകിയിരുന്നു. പൊലീസ് നീക്കത്തിനെതിരെ രാത്രിയിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ്
ടിക്കായത്ത് കണ്ണീരോടെ മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ കൂടുതൽ കർഷകർ സമരകേന്ദ്രങ്ങളിലേക്ക് പ്രവഹിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഗ്രാമത്തിൽ ജനങ്ങൾ ഐക്യദാർഢ്യ മുദ്രാവാക്യങ്ങൾ മുഴക്കി തെരുവിലിറങ്ങി. ഫത്തേബാദ് റോഡും ഹരിയാന ജിന്ദ്-ചണ്ഡീഗഢ് ദേശീയപാതയും ഉപരോധിച്ചു . കർണാലിലും ഹിസറിലും കൈതലിലും പ്രതിഷേധങ്ങൾ അരങ്ങേറി.
രാത്രി തന്നെ പടിഞ്ഞാറൻ യു.പിയിലെ മീററ്റ്, ഭാഗ്പഥ്, ബിജ്നോർ, മുസാഫർനഗർ, മൊറാദാബാദ്, ബുലന്ദ്ശഹർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവർ സമരഭൂമിയിലെത്തി.
ഹരിയാനയിലെ റോത്തക്ക്, ജിന്ദ് ജില്ലയിൽ നിന്നുള്ള കർഷകർ തിക്രി അതിർത്തിയിലും സംയുക്ത കിസാൻ മോർച്ച നേതാക്കൾ അഭ്യർത്ഥിച്ചതിനെ തുടർന്ന് കൂടുതൽ കർഷകർ സിംഘു അതിർത്തിയിലുമെത്തി.
പുതിയ നിയമം റദ്ദാക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് നരേഷ് ടിക്കായത്ത് മുസാഫർനഗറിൽ വിളിച്ചുചേർത്ത മഹാപഞ്ചായത്ത് പ്രഖ്യാപിച്ചു. ഗാസിപ്പുർ അതിർത്തിയിൽ സമരം നയിക്കുന്നവർക്ക് രാഷ്ട്രീയ ലോക്ദൾ നേതാവ് അജിത് സിംഗും പിന്തുണ പ്രഖ്യാപിച്ചു.
സിംഘുവിൽ സംഘർഷം
............................................
പ്രദേശവാസികളെന്ന് അവകാശപ്പെട്ട ഇരുനൂറോളം പേർ ഇന്നലെ ഉച്ചയോടെ സംഘടിച്ചെത്തിയതോടെ പ്രധാന സമരകേന്ദ്രമായ ഡൽഹി - ഹരിയാന അതിർത്തിയിലെ സിംഘുവിൽ സംഘർഷം. സമരകേന്ദ്രത്തിലെ ടെന്റുകളും മറ്റും നശിപ്പിച്ചു. സമരക്കാരും സംഘടിച്ചതോടെ ഇരുഭാഗത്തു നിന്നും കല്ലേറുണ്ടായി. പൊലീസ് കണ്ണീർവാതകപ്രയോഗവും ലാത്തിച്ചാർജും നടത്തി. കർഷക നേതാക്കളുടെ ഇടപെടലിൽ സമരക്കാർ പിന്മാറിയതോടെയാണ് സംഘർഷം അയഞ്ഞത്. രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു.
ചെങ്കോട്ടയിൽ ദേശീയപതാകയെ അപമാനിച്ചെന്നായിരുന്നു വടികളും ദേശീയ പതാകയുമായെത്തിയവരുടെ ആക്ഷേപം. പൊലീസുകാരിൽ നിന്ന് ഒരാൾ ലാത്തി പിടിച്ചുവാങ്ങി കർഷകരെ നേരിടുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വാൾ വീശിയ ഒരാളെ പിടികൂടിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം ഹിന്ദുസേനാ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇവിടേക്ക് പ്രതിഷേധ പ്രകടനമുണ്ടായിരുന്നു.
അക്രമികൾ വാടകഗുണ്ടകളാണെന്ന് കർഷകനേതാവ് ഹർകിരാത്ത് മാൻ ബേനിവാൾ കുറ്റപ്പെടുത്തി.