ന്യൂഡൽഹി: വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ എം.പിമാർ പാർലമെന്റിലേക്ക് മാർച്ച് നടത്തി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങുന്നതിന് മുൻപായിരുന്നു മാർച്ച്.
വി.പി ഹൗസിൽ നിന്നാരംഭിച്ച മാർച്ചിൽ എം.പിമാരായ എ.എം ആരിഫ്,കെ.കെ രാഗേഷ്, കെ.സോമപ്രസാദ്, ബിനോയ് വിശ്വം, എം.വി ശ്രേയാംസ്‌കുമാർ, തോമസ് ചാഴിക്കാടൻ, ആർ.നടരാജൻ, സൂ വെങ്കടേശൻ, എസ്.ശെൽവരാജ്, കെ. സുബ്ബരായൻ, ബികാഷ് രഞ്ജൻ ഭട്ടാചാര്യ, ജർണാ ദാസ് എന്നിവർ പങ്കെടുത്തു. പ്ലക്കാഡുകൾ ഒഴിവാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും എം.പിമാർ അംഗീകരിച്ചില്ല. കോർപറേറ്റുകളുടെ സമർദ്ദത്തിന് വഴങ്ങിയാണ് മോദി സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കാത്തതെന്നും റിപ്പബ്ലിക് ദിനത്തിൽ സർക്കാരും പൊലീസും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ചില അനിഷ്ട സംഭവങ്ങളുണ്ടായതെന്നും എം.പിമാർ ആരോപിച്ചു.