സർവകക്ഷി യോഗത്തിൽ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി:പുതിയ കാർഷിക നിയമങ്ങൾ ഒന്നരവർഷം മരവിപ്പിക്കാമെന്ന കേന്ദ്രസർക്കാരിന്റെ വാഗ്ദാനം ഇപ്പോഴും ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പാർലമെൻറിന്റെ ബഡ്ജറ്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി ചേർന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോഴാണ് പ്രധാനമന്ത്രി നിലപാട് ആവർത്തിച്ചത്.
പുതിയ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുറന്ന മനസോടെയാണ് കേന്ദ്രം സമീപിക്കുന്നത്. ചർച്ചകളിലൂടെ പരിഹരിക്കണം. എല്ലാവരും രാജ്യത്തെക്കുറിച്ച് ചിന്തിക്കണം. ജനുവരി 22ലെ ചർച്ചയിലെ നിലപാടിൽ തന്നെയാണ് കേന്ദ്രസർക്കാർ. നിയമങ്ങൾ മരവിപ്പിക്കാമെന്ന നിർദ്ദേശം നിലനിൽക്കുകയാണ്. ചർച്ചകൾക്ക് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ ഒരു ഫോൺകോൾ അകലെയുണ്ടെന്നും റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങളിൽ നിയമം അതിന്റെ വഴിക്ക് പോകുമെന്നും മോദി പറഞ്ഞു.
കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്, തൃണമൂലിലെ സുദീപ് ബന്ദോപാദ്ധ്യായ, ശിവസേന എം.പി വിനായക് റാവത്ത്, അകാലിദൾ നേതാവ് ബൽവീന്ദർ സിംഗ് ബുന്ദേർ തുടങ്ങിയവരാണ് വീഡിയോ കോൺഫറൻസ് യോഗത്തിൽ കർഷക പ്രശ്നം ഉന്നയിച്ചത്.
പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളിൽ പാർലമെൻറിൽ വിശദമായ ചർച്ചയ്ക്ക് തയാറാണ്. വലിയ പാർട്ടികളാണ് പാർലമെന്റ് സുഗമമായി കൊണ്ടുപോകാൻ സഹായിക്കേണ്ടത്. സഭ നടന്നാൽ ചെറിയ പാർട്ടികൾക്കും അവരുടെ അഭിപ്രായം അവതരിപ്പിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനുവരി 20ലെ ചർച്ചയിലാണ് നിയമങ്ങൾ ഒന്നരവർഷം വരെ മരവിപ്പിക്കാമെന്ന് കേന്ദ്രകൃഷിമന്ത്രി നിർദ്ദേശിച്ചത്. ജനുവരി 22ന് പതിനൊന്നാം ചർച്ചയിലും ഇത് കേന്ദ്രം ആവർത്തിച്ചു. എന്നാൽ നിയമം റദ്ദാക്കണമെന്ന് ഉറച്ചുനിന്ന കർഷക നേതാക്കൾ കേന്ദ്ര നിർദ്ദേശം തള്ളി. ഇതോടെ നിയമങ്ങൾ മരവിപ്പിക്കാനാണെങ്കിൽ മാത്രം അടുത്ത യോഗമെന്ന കർശന നിലപാട് കൃഷിമന്ത്രിയെടുത്തു. തുടർ ചർച്ചകൾ തീരുമാനിക്കാതെ പിരിഞ്ഞു.
പാർലമെന്റിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം
പുതിയ കാർഷിക നിയമങ്ങൾക്കെതിരെ രണ്ടുമാസത്തിലേറെയായി തുടരുന്ന കർഷകസമരം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന്, ബഡ്ജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. പുതിയ നിയമങ്ങൾ പൂർണമായും പിൻവലിക്കണം. വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തികമാന്ദ്യം തുടങ്ങിയവിഷയങ്ങളിലും ചർച്ച വേണം. റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങളെ അപലപിച്ച പ്രതിപക്ഷം ഇതിന്റെ പേരിൽ കർഷക നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കരുതെന്നും ആവശ്യപ്പെട്ടു.
എന്നാൽ കർഷക സംഘടനകളുമായി ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമാണെന്ന് മാത്രമാണ് മറുപടി പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞതെന്നും മറ്റു കാര്യങ്ങളൊന്നും പരാമർശിച്ചില്ലെന്നും സി.പി.എം രാജ്യസഭാകക്ഷി നേതാവ് എളമരം കരീം പറഞ്ഞു.
കാർഷിക നിയമങ്ങൾ നടപ്പാക്കി ഒരു തെറ്റ് ചെയ്ത കേന്ദ്രസർക്കാർ യഥാർത്ഥ കർഷക നേതാക്കളെ കേസിൽ കുടുക്കി മറ്റൊരു തെറ്റ് കൂടി ചെയ്യരുതെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.