farmers

 സിംഘുവിൽ 44 പേർ അറസ്റ്റിൽ

ന്യൂ‌ഡൽഹി: പ‌ഞ്ചാബ്,ഹരിയാന, ഉത്തരാഖണ്ഡ്, പശ്ചിമ യു.പി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ കർഷകർ എത്തിത്തുടങ്ങിയതോടെ ഇന്ന് രാത്രി 11വരെ ഡൽഹി അതിർത്തിയിലെ സിംഘു, തിക്രി, ഗാസിപ്പൂർ കർഷക സമരകേന്ദ്രങ്ങളിൽ ഇന്റർനെറ്റ് സേവനം മരവിപ്പിച്ചു. പൊതുസുരക്ഷ മുൻനിറുത്തിയാണ് നടപടിയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങൾക്ക് പിന്നാലെ ഹരിയാന അഞ്ചു ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയിരുന്നു. ഇത് പുനഃസ്ഥാപിച്ചിട്ടില്ല. ഗാസിപ്പൂരിലേക്കുള്ള കർഷക പ്രവാഹം തടയാനായി ദേശീയപാത 24 പൊലീസ് അടച്ചു.

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് വെള്ളിയാഴ്ച രാത്രി ഇവിടെയെത്തി രാകേഷ് ടിക്കായത്തിനെ സന്ദർശിച്ച് പിന്തുണ അറിയിച്ചു. കോൺഗ്രസ് നേതാക്കളായ പ്രതാപ് ബജ്‌വയും ദീപേന്ദർ ഹൂഡയും ഇന്നലെ സമരകേന്ദ്രത്തിലെത്തി.

കഴിഞ്ഞദിവസത്തെ സംഘർഷത്തിൽ സിംഘുവിൽ കർഷകരടക്കം 44 പേരെ കൂടി അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അലിപൂർ എസ്.എച്ച്.ഒക്ക് നേരെ വാളുവീശീയ യുവാവും അറസ്റ്റിലായവരിലുണ്ട്.

അതേസമയം സിംഘു അതിർത്തിയിൽ കർഷകർക്ക് നേരെ കല്ലെറിഞ്ഞതിന് പിന്നിൽ ബി.ജെ.പിയും ആർ.എസ്.എസുമാണെന്ന് കർഷകനേതാവ് ബൽബീർ സിംഗ് രജേവാൾ ആരോപിച്ചു.

അതിനിടെ റിപ്പബ്ലിക് ദിനത്തിൽ സംഘർഷം നടന്ന ചെങ്കോട്ടയിൽ ഫോറൻസിക് വിഭാഗമെത്തി ഇന്നലെ

പരിശോധന നടത്തി. വിരലടയാലവും രക്തസാമ്പിളുകളും ശേഖരിച്ചു. ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ശേഷം പഞ്ചാബിൽ നിന്നുള്ള നൂറിലേറെ പേരെ കാണാതായതായി ആരോപണമുയർന്നിട്ടുണ്ട്.

 കർഷകർ ഉപവസിച്ചു

ഗാന്ധിജിയുടെ രക്തസാക്ഷിദിനമായ ഇന്നലെ അക്രമങ്ങൾക്കെതിരെ അഹിംസയുടെ സന്ദേശമുയർത്തി സമരകേന്ദ്രങ്ങളിൽ കർഷകർ ഉപവസിച്ചു. സദ്ഭാവനാ ദിനാചരണത്തിന്റെ ഭാഗമായാണ് നേതാക്കളും സമരക്കാരും രാവിലെ മുതൽ വൈകിട്ട് വരെ ഉപവാസം നടത്തിയത്. ചൊവ്വാഴ്ച മുതൽ ഡൽഹി അതിർത്തികളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും നേതാക്കൾ അറിയിച്ചു.