sidiq-kappan

ന്യൂഡൽഹി: യു.പിയിൽ അറസ്റ്റിലായ മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് അസുഖബാധിതയായ മാതാവിനെ സന്ദർശിക്കാൻ ഇടക്കാല ജാമ്യം തേടി കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീംകോടതിയെ സമീപിച്ചു. ആരോഗ്യാവസ്ഥ കണക്കിലെടുത്ത് കാപ്പൻ അറസ്റ്റിലായ വിവരം ഇതുവരെ അമ്മയെ അറിയിച്ചിട്ടില്ല. ആരോഗ്യ നില കൂടുതൽ വഷളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബോധത്തിലേക്ക് വരുമ്പോഴൊക്കെ മകനെ കാണണമെന്നാണ് അമ്മ ആവശ്യപ്പെടുന്നത്.

വീഡിയോ കോൺഫറൻസിലൂടെ മകനെ കാണണമെന്ന ആവശ്യം സുപ്രീംകോടതി നേരത്തെ അംഗീകരിച്ചിരുന്നു. ജനുവരി 28ന് വീഡിയോ കോൺഫറൻസിംഗ് നടത്തിയെങ്കിലും പത്തു മിനുട്ട് മാത്രമാണ് മഥുര ജയിലധികൃതർ അനുവദിച്ചതെന്നും ഗുരുതരാവസ്ഥയിലായിരുന്നതിനാൽ അവർ മൊബൈൽ സ്ക്രീനിലേക്ക് നോക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ലെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടി.
യു.പിയിലെ ഹാഥ്‌രസിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ ഒക്ടോബർ 5നാണ് മഥുരയിൽ വച്ച് പൊലീസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. സിദ്ദിഖിന്റെ മോചനത്തിനായി യൂണിയൻ നൽകിയ ഹർജി സുപ്രീംകോടതി മാർച്ച് ആദ്യവാരം പരിഗണിക്കും.