ന്യൂഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപം കഴിഞ്ഞ ദിവസമുണ്ടായ ഐ.ഇ.ഡി സ്‌ഫോടനത്തിൽ ഇറാൻ പൗരൻമാരുടെ പങ്ക് അന്വേഷിക്കുന്നു. ഡൽഹിയിൽ വിസ കാലാവധി കഴിഞ്ഞും താമസിക്കുന്ന ഇറാൻ പൗരൻമാരെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുകയാണെന്ന് സൂചന. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം 'ജെയ്ഷ് ഉൽ ഹിന്ദ്' എന്ന സംഘടന ഏറ്റെടുത്തുവെന്ന റിപ്പോർട്ടുണ്ടെങ്കിലും അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടില്ല.
ഡൽഹിയിൽ ഐ.ഇ.ഡി ആക്രമണം നടത്തിയതായും ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നടക്കാനിരിക്കുന്ന ആക്രമണങ്ങളുടെ ആരംഭമാണിതെന്നും ജെയ്‌ഷ് ഉൽ ഹിന്ദ് എന്ന സംഘടനയുടേതെന്ന പേരിലുള്ള ടെലിഗ്രാം സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. കേട്ടുകൾവിയില്ലാത്ത സംഘടനയെക്കുറിച്ചും സന്ദേശത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
വെള്ളിയാഴ്ച വൈകിട്ടാണ് എ.പി.ജെ അംബ്ദുൾ കലാം റോഡിലെ ഇസ്രായേൽ എംബസിക്ക് സമീപം തീവ്രത കുറഞ്ഞ ഐ.ഇ.ഡി പൊട്ടിത്തെറിച്ചത്. സ്‌ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങൾ ഡൽഹി പൊലീസ് കണ്ടെത്തി. ചെറിയ കവർ ലഭിച്ചെങ്കിലും അതിലെന്താണെന്ന് പുറത്തുവിട്ടില്ല. ഇസ്രായേൽ അംബാസഡറെ അഭിസംബോധന ചെയ്ത് കത്ത് ലഭിച്ചെന്നും അടുത്തിടെ കൊല്ലപ്പെട്ട ഇറാൻ റെവല്യൂഷണറി ഗാർഡ് തലവൻ ഖ്വാസിം സുലൈമാനി, ഇറാനിയൻ ശാസ്ത്രജ്ഞൻ മൊഹസെൻ ഫക്ക്രിസാദ എന്നിവരെക്കുറിച്ച് പരാമർശിക്കുന്നതായും അഭ്യൂഹമുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങളിൽ ദുരൂഹമായി കണ്ട കാറും മുമ്പ് നടന്ന അക്രമണവും തമ്മിൽ ബന്ധമുണ്ടോയെന്നതും പരിശോധിക്കുകയാണ്. എൻ.എസ്.ജി സംഘം ഇന്നലെ പരിശോധന നടത്തി.
സംഭവത്തിൽ ആശ്ചര്യമില്ലെന്നും ഇന്റലിജൻസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ആഴ്ചകളായി തങ്ങൾ ജാഗ്രതയിലായിരുന്നുവെന്നും ഇസ്രായേൽ അംബാസഡർ റോൺ മൽക്ക പ്രതികരിച്ചു. അക്രമത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.