ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ വിവാദ വിധിന്യായങ്ങൾ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി നാഗ്‌പുർ ബെഞ്ച് അഡിഷണൽ ജഡ്ജി പുഷ്പാ ഗനേഡിവാലയ്ക്കെതിരെ നടപടി. ഇവരെ സ്ഥിരപ്പെടുത്തണമെന്ന ജനുവരി 20ന് നൽകിയ ശുപാർശ സുപ്രീംകോടതി കൊളീജിയം പിൻവലിച്ചു.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ്മാരായ എൻ.വി രമണ, രോഹിന്റൺ നരിമാൻ എന്നിവരടങ്ങിയ കൊളീജിയത്തിന്റെതാണ് നടപടി.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വസ്ത്രം മാറ്റാതെ മാറിടത്തിൽ സ്പർശിച്ചാൽ പോക്സോ നിയമപ്രകാരമുള്ള ഗുരതര കുറ്റമല്ലെന്ന വിധിയടക്കമുള്ള പോക്സോ കേസുകളിലെ വിവാദ ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് നടപടി.
31 വയസ്സുകാരൻ 12 വയസ്സുള്ള കുട്ടിയെ പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചുവരുത്തി വസ്ത്രത്തിനു പുറത്തുകൂടി മാറിടത്തിൽ സ്പർശിച്ച കേസിലാണ് ജസ്റ്റിസ് പുഷ്പ വിവാദ പരാമർശം നടത്തിയത്. പ്രതിയുടെ ശിക്ഷ ഇളവു ചെയ്യുകയും ചെയ്തു.