ന്യൂഡൽഹി : ദേശീയ പതാകയെ അപമാനിക്കും വിധം റിപ്പബ്ലിക് ദിനത്തിൽ അരങ്ങേറിയ അക്രമങ്ങൾ രാജ്യത്തെ ദുഃഖത്തിലാഴ്‌ത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പറഞ്ഞു.
''ഡൽഹിയിൽ ജനുവരി 26 ന് ത്രിവർണ പതാകയെ അപമാനിക്കുന്നതു കണ്ട് രാജ്യം അത്യന്തം ദുഃഖിച്ചു. നമുക്ക് വരും നാളുകളെ പുതിയ ആശ കൊണ്ട് നിറയ്ക്കണം.'' റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്‌ടർ റാലിയെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡിനെതിരെയും വാക്‌സിനേഷനിലും സമാനതകളില്ലാത്ത മാതൃകയ്ക്കാണ് ഇന്ത്യ സാക്ഷിയാകുന്നതെന്നും സ്വദേശികൾക്കും പ്രവാസികളായ ഇന്ത്യക്കാർക്കും ഇത് അഭിമാനം പകരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 30 ലക്ഷം പേർക്ക് വാക്‌സിൻ നൽകാൻ അമേരിക്കയും ബ്രിട്ടനും 18ഉം 36ഉം ദിവസമെടുത്തപ്പോൾ ഇന്ത്യ അത് 15 ദിവസത്തിനുള്ളിൽ സാധിച്ചു. കാർഷിക മേഖലയെ ആധുനികവത്കരിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സർക്കാർ ഇനിയും അത്തരം ശ്രമങ്ങൾ തുടരും.
ഭിന്നശേഷി വകവയ്‌ക്കാതെ വേമ്പനാട് കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി ഉപജീവനം കണ്ടെത്തുന്ന കോട്ടയം സ്വദേശി എൻ. എസ്. രാജൻ, പാഴായ പച്ചക്കറി ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുന്ന ഹൈദരാബാദിലെ ബോയിൻ പള്ളിയിലെ പച്ചക്കറിച്ചന്തയിലെ ജീവനക്കാർ, മലിനജലം ശുദ്ധീകരിച്ച് കൃഷിക്കടക്കം ഉപയോഗിക്കുന്ന ഹരിയാനയിലുള്ള പഞ്ചകുളയിലെ ബഡൗത് ഗ്രാമപഞ്ചായത്ത്, മരത്തൊലിയിൽ നിന്ന് പേപ്പർ നിർമ്മിക്കുന്ന അരുണാചൽപ്രദേശിലെ തവാംഗ് വാസികൾ ,സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ബംഗളൂരുവിലേക്ക് നോൺ സ്റ്റോപ്പ് ഫ്‌ളൈറ്റ് നയിച്ച വനിതാ പൈലറ്റുമാർ,ജബൽപൂരിലെ ചിപ്ഗാവിൽ റൈസ് മിൽ സ്വന്തമായി വാങ്ങിയ ആദിവാസി വനിതകൾ തുടങ്ങിയവരെ പ്രധാനമന്ത്രി പ്രശംസിച്ചു. ആസ്‌ട്രേലിയയിൽ പരമ്പര നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനേയും പത്മപുരസ്‌കാര ജേതാക്കളെയും മോദി അഭിനന്ദിച്ചു.
സർവകക്ഷി യോഗം വിളിച്ച് അമരീന്ദർ
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് നാളെ രാവിലെ 11ന് സർവകക്ഷിയോഗം വിളിച്ചു.
ഇത് ദുരഭിമാനം കാണിക്കേണ്ട സമയമല്ലെന്നും നാടിനും ജനങ്ങൾക്കും വേണ്ടി നിൽക്കേണ്ട സമയമാണെന്നും അമരീന്ദർ പറഞ്ഞു. നമ്മുടെ കർഷകർ ഇപ്പോൾ രണ്ടുമാസത്തിലേറെയായി ഡൽഹി അതിർത്തിയിൽ മരിക്കുന്നു. സമരം ചെയ്യുന്നവരെ പൊലീസ് മർദ്ധിക്കുകയും ഗുണ്ടകൾ ആക്രമിക്കുകയും ചെയ്യുന്നു.
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കി അവരെ ഉപദ്രവിക്കുന്നുവെന്നും അമരീന്ദർ അഭിപ്രായപ്പെട്ടു. അതേസമയം, അമരീന്ദർ സിംഗ് ഗാലറിയിൽ നിന്ന് കളിക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.