delhi-blast

ഉപയോഗിച്ചത് മിലിട്ടറി ഗ്രേഡ് സ്ഫോടക വസ്‌തു

ന്യൂഡൽഹി : ഇസ്രയേൽ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് ഉപയോഗിച്ചത് സൈനിക നിലവാരത്തിലുള്ള പി. ഇ. ടി. എൻ (പെന്റാ എറിത്രൈറ്റോൾ ടെട്രാ നൈട്രേറ്റ്) സ്‌ഫോടക വസ്തുവാണെന്ന് പ്രത്യേക അന്വേഷണ ഏജൻസി വെളിപ്പെടുത്തി. എളുപ്പം ലഭിക്കാത്ത സ്ഫോടക വസ്തുവായ പി.ഇ.ടി.എൻ അൽ ക്വ ഇദ പോലുള്ള ഭീകര ഗ്രൂപ്പുകൾ ബോംബ് നിർമ്മിക്കാൻ ഉപയോഗിക്കാറുണ്ട്.

സ്ഫോടന സ്ഥലത്തു നിന്ന് ട്രാൻസിസ്റ്റർ റേഡിയോയിൽ ഉപയോഗിക്കുന്ന 9 വോൾട്ട് ബാറ്ററിയുടെ അവശിഷ്ടവും കണ്ടെത്തി. ഇന്ത്യൻ മുജാഹീദീൻ, ലഷ്‌കറെ തയ്ബ ഭീകരഗ്രൂപ്പുകൾ ബോംബ് സ്ഫോടനങ്ങൾ നടത്താൻ ഉപയോഗിക്കുന്ന തരത്തിലുള്ള ബാറ്ററിയാണിതെന്നും വ്യക്തമായിട്ടുണ്ട്.

ഇതോടെ അന്വേഷണം അൽ ക്വ ഇദ, ഐസിസ് തുടങ്ങിയ ഭീകര സംഘങ്ങളിലേക്കും നീങ്ങുന്നുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം 'ജയ്ഷ് ഉൽ ഹിന്ദ്' എന്ന ഒരു സംഘടന ഏറ്റെടുത്തിരുന്നു. തീർത്തും അപരിചിതമായ ഈ സംഘടനയുടെ വിശദാംശങ്ങളും സന്ദേശം പുറത്തുവന്ന ടെലിഗ്രാം പേജിന്റെ വിവരങ്ങളും പരിശോധിക്കുകയാണെന്നു ഡൽഹി പൊലീസ് സൈബർ സെൽ പറഞ്ഞു. അന്വേഷണത്തെ സഹായിക്കാൻ ഇസ്രയേലിൽ നിന്ന് ഒരു സംഘം ഇന്ന് ഇന്ത്യയിൽ എത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് ഇസ്രയേൽ എംബസിക്ക് അടുത്ത്‌ ശേഷി കുറഞ്ഞ ബോംബ് പൊട്ടിയത്. മൂന്ന് കാറുകൾക്ക്‌ കേടു പറ്റി.