singhu

ന്യൂഡൽഹി: കർഷക പ്രക്ഷോഭം സജീവമായി റിപ്പോർട്ട് ചെയ്ത മാദ്ധ്യമ പ്രവർത്തകനായ മൻദീപ് പൂനിയയെ സിംഘു സമര വേദിക്കടുത്തുവച്ച് ശനിയാഴ്ച രാത്രി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കാരവൻ,​ ഹിന്ദി ഓൺലൈൻ മാദ്ധ്യമമായ ജുൻപുത് എന്നിവയുടെ ലേഖകനാണ് മന്ദീപ്. മറ്റൊരു മാദ്ധ്യമ പ്രവർത്തകനായ ‘ഓൺലൈൻ ന്യൂസ് ഇന്ത്യ’ യിലെ ധർമ്മേന്ദ്ര സിംഗിനേയും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും രാത്രി തന്നെ വിട്ടയച്ചു.
സിംഘുവിൽ കർഷകർക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണം മൻദീപ് പൂനിയ ഫേസ്ബുക്ക് ലൈവിൽ വിശദീകരിച്ചിരുന്നു. പ്രദേശവാസികളെന്ന വ്യാജേന ഒരു കൂട്ടർ പൊലീസ് നിറഞ്ഞ ഒരു സ്ഥലത്ത് എങ്ങനെ കല്ലെറിഞ്ഞെന്ന് മന്ദീപ് പൂനിയ തുറന്നടിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.
മൻദീപ് പൂനിയക്ക് പ്രസ് കാർഡ് ഇല്ലായിരുന്നെന്നും ബാരിക്കേഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ അപമര്യാദയായി പെരുമാറിയതാണ് അറസ്റ്റിന് കാരണമായി പൊലീസ് പറയുന്നത്. പൂനിയയുടെ അറസ്റ്റിനെ മാദ്ധ്യമ യൂണിയനുകളും കർഷക നേതാക്കളും അപലപിച്ചു.