ന്യൂഡൽഹി: സി.പി.എമ്മിന്റെ 23-ാം പാർട്ടി കോൺഗ്രസ് അടുത്ത വർഷം ഫെബ്രുവരിയിൽ ചേരാൻ പാർട്ടി കേന്ദ്ര കമ്മിറ്റി തീരുമാനം. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ ഈ വർഷം ജൂലായിൽ ആരംഭിക്കും.
കേന്ദ്ര സർക്കാരിനെതിരെ ഈ മാസം രണ്ടാം വാരം രാജ്യവ്യാപക പ്രക്ഷോഭം നടത്തും. കർഷക സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചും, ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും വ്യാജ പ്രചാരണങ്ങൾ തുറന്നു കാട്ടിയുമാവും ഇത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് മുഖ്യ ലക്ഷ്യം. കേരളത്തിൽ ഇടതുമുന്നണിയുടെ തുടർഭരണം ഉറപ്പു വരുത്തും. ബംഗാളിൽ മതേതര ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തും. തമിഴ്‌നാട്ടിൽ ബി.ജെ.പി-എ.ഐ.എ.ഡി.എം. കൂട്ടുകെട്ടിനെ പരാജയപ്പെടുത്തും. അസാം തിരഞ്ഞെടുപ്പിലും ഇടതുമുന്നണി കരുത്തു തെളിയിക്കുമെന്ന് കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു..
പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തിൽ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. കാർഷിക രംഗത്തെ സമഗ്ര പരിഷ്‌കരണത്തിന് കേന്ദ്ര സർക്കാർ കർഷകരുമായും സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തി പുതിയ നിർദേശങ്ങൾ കൊണ്ടു വരണം. ഈ നിർദേശങ്ങൾ പാർലമെന്ററി സമിതികളുടെ പരിഗണനയ്ക്ക് ശേഷം പാർലമെന്റിൽ അവതരിപ്പിക്കണം. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കർണാട, ഡൽഹി സംസ്ഥാനങ്ങളിൽ കേന്ദ്രം സംസ്ഥാന സർക്കാരുകളെയും പൊലീസിനെയും ഉപയോഗിച്ച് മാദ്ധ്യമപ്രവർത്തകർ അടക്കമുള്ളവരെ വേട്ടയാടുകയാണ്. മാദ്ധ്യമപ്രവർത്തകർക്കെതിരേ എടുത്തിട്ടുള്ള രാജ്യദ്രോഹ കേസുകൾ പിൻവലിക്കണം.
ജനുവരി 30, 31 തീയതികളിലായി ചേർന്ന കേന്ദ്ര കമ്മിറ്റിയുടെ വെർച്വൽ യോഗത്തിൽ കർഷക സമരത്തിന് പിൻതുണ പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനത്തിൽ നടന്ന അനിഷ്ട സംഭവങ്ങളുടെ മാത്രം പശ്ചാത്തലത്തിൽ കർഷക സമരത്തിന്റെ പ്രതിച്ഛായ തകർക്കാനാകില്ല. ബി.ജെ.പി. അനുഭാവമുള്ളവരാണ് റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിന് പിന്നിലെന്ന് യോഗം കുറ്റപ്പെടുത്തി.