പ്രക്ഷോഭത്തിന് പിന്തുണയുമായി മഹാപഞ്ചായത്തുകൾ
നിയന്ത്രണം കടുപ്പിച്ച് പൊലീസ്
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങളിൽ നിറം മങ്ങിയ കർഷക പ്രക്ഷോഭം വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തിൽ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ അദ്ധ്യക്ഷതയിൽ ഉന്നതാധികാര സമിതി രൂപീകരിക്കാമെന്നും താങ്ങുവിലയടക്കം പരിശോധിക്കാമെന്നും കേന്ദ്ര നിർദ്ദേശം.
അതേസമയം, ചെങ്കോട്ടയിലേത് ഒഴികെയുള്ള അനിഷ്ടസംഭവങ്ങളിൽ അറസ്റ്റിലായ മുഴുവൻ കർഷകരെയും വിട്ടയയ്ക്കണമെന്ന പുതിയ ഉപാധി കൂടി കർഷക സംഘടനകൾ മുന്നോട്ടുവച്ചതോടെ, സമര നേതാക്കളെ ചർച്ചയ്ക്കെത്തിക്കാനുള്ള കേന്ദ്ര നീക്കങ്ങൾക്ക് വീണ്ടും തിരിച്ചടി നേരിടുകയും ചെയ്തു.
സമ്മർദ്ദത്തിനു വഴങ്ങി ചർച്ചയില്ലെന്നും, തുറന്ന മനസ്സോടെ ചർച്ചയ്ക്കുള്ള അന്തരീക്ഷം കേന്ദ്രസർക്കാർ തന്നെ ഒരുക്കണമെന്നും കർഷക നേതാവ് രാകേഷ് ടിക്കായത്ത് ഇന്നലെ വ്യക്തമാക്കി. കർഷക പ്രശ്നം പരിഹരിക്കുന്നതു വരെ അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ച സാമൂഹ്യപ്രവർത്തകൻ അന്ന ഹസാരയെ അനുനയിപ്പിക്കാൻ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ അദ്ദേഹത്തിന്റെ ഗ്രാമമായ റാലിഗൻ സിദ്ധിയിൽ എത്തിയപ്പോഴാണ് കേന്ദ്ര സഹമന്ത്രി കൈലാഷ് ചൗധരി ഉന്നതതല സമിതി രൂപീകരിക്കാമെന്ന് അറിയിച്ചത്.
ഇതേ തുടർന്ന് ഹസാരെ ശനിയാഴ്ച തുടങ്ങാനിരുന്ന ഉപവാസം റദ്ദാക്കിയിരുന്നു. ആറു മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നും അന്ന ഹസാരെ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുമെന്നും കൈലാഷ് ചൗധരി അറിയിച്ചു. നീതി ആയോഗ് അംഗം രമേശ് ചന്ദ്, കേന്ദ്ര കൃഷി സഹമന്ത്രി പുരുഷോത്തം രൂപാല, കാർഷിക നിയമ വിദഗ്ദ്ധൻ വിജയ് സർദ്ദാന, ഹരിയാനയിലെ പുരോഗമന കർഷകനും പത്മശ്രീ ജേതാവുമായ കൻവൽ സിംഗ് ചൗഹാൻ എന്നിവർ സമിതിയിൽ ഉണ്ടാവുമെന്ന് കൃഷി മന്ത്രാലയ വൃത്തങ്ങൾ ഇന്നലെ അറിയിച്ചു. കൂടാതെ സമരസമിതിയും അന്ന ഹസാരെയും നിർദ്ദേശിക്കുന്ന കർഷക പ്രതിനിധികളെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തും.
കാർഷിക നിയമം ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശം തള്ളിക്കളയുകയാണെന്ന് കർഷക നേതാവ് സർവൻസിംഗ് പാന്തർ പറഞ്ഞു. നിയമങ്ങൾ മരവിപ്പിക്കാമെന്ന് പറയുന്ന സർക്കാർ എന്തുകൊണ്ടാണ് വിഷയം പാർലമെന്റ് സമിതിയുടെ പരിഗണനയ്ക്കു വിടാത്തതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.
വീണ്ടും കർഷക പ്രവാഹം
മുസഫർനഗറിനു പിന്നാലെ പ്രക്ഷോഭത്തിനു പിന്തുണയുമായി ഇന്നലെ ഭാഗ്പതിൽ ആയിരങ്ങൾ പങ്കെടുത്ത മഹാപഞ്ചായത്ത് നടന്നു. 450 കിലോമീറ്റർ അകലയുള്ള സമരവേദിയിലേക്ക് ഇവിടെ നിന്ന് കർഷകർ പുറപ്പെടും. ഉത്തർപ്രദേശിലെ ബിജ്നോറിലും ഹരിയാനയിലെ ജിന്ധിലും മഹാപഞ്ചായത്ത് വിളിക്കും. പഞ്ചാബിൽ നിന്ന് 700 വാഹനങ്ങളിൽ കർഷകർ ഡൽഹിയിലേക്കു പുപ്പെട്ടു. ഗുജ്ജർ നേതാവായ മദൻ ഭയ്യ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു. ഗാസിപ്പൂരിൽ സമരക്കാർ വർദ്ധിച്ചതോടെ കൂടുതൽ പൊലീസിനെ വിന്യസിച്ചു.
സിംഘു, ടിക്രി, ഗാസിപ്പൂർ മേഖലകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുയാണ്. സമരവേദിയിൽ മാദ്ധ്യമ പ്രവർത്തകരെ പൊലീസ് തടയുന്നതായി റിപ്പോർട്ടുണ്ട്. സമരസ്ഥലത്തിന് ചുറ്റും കനത്ത പൊലീസ് വിന്യാസമാണ്. കേന്ദ്രസേനയെയും വിന്യസിച്ചു.
''ഡൽഹിയിൽ ജനുവരി 26 ന് ത്രിവർണ പതാകയെ അപമാനിക്കുന്നതു കണ്ട് രാജ്യം അത്യന്തം ദുഃഖിച്ചു. നമുക്ക് വരും നാളുകളെ പുതിയ ആശ കൊണ്ട് നിറയ്ക്കണം.''
-പ്രധാനമന്ത്രി നരേന്ദ്ര മോദി