ന്യൂഡൽഹി: പൂർണമായും കടലാസ് രഹിതമായ, ചരിത്രത്തിലെ ആദ്യ കേന്ദ്ര ബഡ്ജറ്റ് ഇന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. രാവിലെ 11ന് ബഡ്ജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങൾ പ്രത്യേകം വികസിപ്പിച്ച ആപ്പിൽ ലഭ്യമാകും.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്യാം.
കർഷക സമരങ്ങളടേയും സംഘർഷത്തിന്റേയും പശ്ചാത്തലത്തിൽ ബഡ്ജറ്റ് സമ്മേളനം രാഷ്ട്രീയ പോരാട്ടങ്ങളുടെ വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിലും പരിസരത്തും സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്.
കൊവിഡ് പശ്ചാത്തലത്തിൽ 'മുമ്പൊരിക്കലുമുണ്ടാകാത്ത ' ബഡ്ജറ്റായിരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. രോഗബാധിതമായ സമ്പദ് വ്യവസ്ഥയ്ക്ക് സർക്കാരിന്റെ കൈത്താങ്ങ് ആവശ്യമാണ്.നിർമ്മാണ പ്രവർത്തനങ്ങൾ, ടൂറിസം, ഹോസ്പിറ്റാലിറ്റി, ബാങ്ക് വായ്പാ രംഗം എന്നിവ ആവശ്യാനുസരണം പുനരുജ്ജീവിപ്പിക്കുന്നതിന് അടിയന്തര നടപടികൾ വേണം.
രാജ്യസഭയിലെ ഒന്നാം ഘട്ട സമ്മേളനം ഫെബ്രുവരി 13ന് അവസാനിപ്പിക്കും. ലോക്‌സഭയിലേത് 15വരെ തുടരും. ഇരുസഭകളുടെയും രണ്ടാം ഘട്ട സമ്മേളനം മാർച്ച് 8ന് ആരംഭിച്ച് ഏപ്രിൽ 8ന് അവസാനിക്കും. രാജ്യസഭ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ടുവരെയും ലോക്‌സഭ വൈകിട്ട് നാലു മുതൽ രാത്രി ഒൻപത് വരെയുമാണ് സമ്മേളിക്കുക.