tractor-rally

ന്യൂഡൽഹി : ട്രാക്‌ടർ റാലിയിൽ പങ്കെടുത്ത നൂറോളം കർഷകരെ കാണാനില്ലെന്ന പരാതിക്കു പിന്നാലെ ഇവരുടെ വിവരം ശേഖരിക്കാൻ സംയുക്ത കിസാൻ മോർച്ച പ്രത്യേക സമിതിക്ക് രൂപം നൽകി. കാണാതായവരുടെ വിവരങ്ങൾ ശേഖരിച്ച് സർക്കാരിന് കൈമാറും. ഇവരെ ഡൽഹി പൊലീസും അന്വേഷണ ഏജൻസികളും അജ്ഞാത കേന്ദ്രങ്ങളിൽ തടവിലാക്കിയെന്നാണ് ആരോപണം. കാണാതായവരുടെ കുടുംബാംഗങ്ങളിൽ നിന്നും ഗ്രാമവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ സിക്ക് സംഘടനകൾ ഹെൽപ് ഡെസ്‌ക് തുടങ്ങി. പഞ്ചാബിൽ നിന്നെത്തിയ കർഷകരെയാണ് കാണാതായതെന്ന് മനുഷ്യാവകാശ സംഘടനയായ പി.എച്ച്.ആർ.ഒ പറയുന്നു. തത്തരിയാവാല ഗ്രാമത്തിലെ മാത്രം 12 പേരെയും സിംഗു, തിക്രി ക്യാമ്പുകളിലെ തൊണ്ണൂറോളം യുവാക്കളെയും കാണാതായിട്ടുണ്ട്.