ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമം ബി.ജെ.പിയുടെ തിരക്കഥയാണെന്ന് ആം ആദ്മി പാർട്ടി. കർഷക പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താനും അവഹേളിക്കാനും ബി.ജെ.പി ഡൽഹി പൊലീസിനൊപ്പം തയാറാക്കിയ തിരക്കഥയാണ് അക്രമങ്ങൾക്ക് പിന്നില്ലെന്നും എ.എ.പി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. കർഷക പ്രക്ഷോഭത്തിനിടെയുണ്ടായ അതിക്രമങ്ങളിൽ ഒരു ബി.ജെ.പി നേതാവിന് പോലും പങ്കില്ലെന്ന ഡൽഹി ബി.ജെ.പി ജനറൽ സെക്രട്ടറി ഹർഷ് മൽഹോത്രയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''കർഷകരുടെ പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്തുന്നതിനും അവഹേളിക്കുന്നതിനും ഡൽഹി പൊലീസും ബി.ജെ.പി പ്രവർത്തകരും ഒത്തുകളിച്ചു.ജനുവരി 26ന് ബി.ജെ.പി ഏജന്റായ ദീപ് സിദ്ധുവിന് കർഷകരുടെ റാലി ആരംഭിക്കുന്നതിന് മുമ്പുതന്നെ റാലിയുമായി ഡൽഹിയിൽ പ്രവേശിക്കാൻ പൊലീസ് അനുമതി നൽകി.ബി.ജെ.പിയുടെ നിർദേശമനുസരിച്ച് ഡൽഹി പൊലീസ് ആളുകൾക്ക് ചെങ്കോട്ടയിൽ പ്രവേശിക്കാനും കൊടി ഉയർത്താനും അനുമതി നൽകി. ഇതിലൂടെ കോലാഹലം സൃഷ്ടിക്കാനായിരുന്നു ശ്രമം. ട്രാക്ടർ റാലി നടത്താൻ മുൻകൂട്ടി നിശ്ചയിച്ച ഒമ്പത് പാതകളിൽ ഏഴെണ്ണത്തിലും സമാധാനപരമായി റാലി നടന്നു. മറ്റു പാതകളിൽ ബി.ജെ.പി അനുകൂലികൾ പ്രവേശിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തുവെന്നും '' സൗരഭ് ഭരദ്വാജ് പറഞ്ഞു.