palarivattam

കൊച്ചി : വിവാദങ്ങൾക്ക് ചെവികൊടുക്കാതെ പാലാരിവട്ടം ഫ്ളൈഓവർ ബലപ്പെടുത്തൽ അതിവേഗം മുന്നോട്ട്. മാർച്ച് അവസാനം പണികൾ പൂർത്തിയാക്കുമെന്ന ഉറപ്പിൽ മുന്നേറുകയാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും (ഡി.എം.ആർ.സി.) ഊരാളുങ്കൽ കോൺട്രാക്ട് ലേബർ സൊസെെറ്റിയും.പൊളിച്ച ഫ്ളൈ ഓവറിന്റെ ബലപ്പെടുത്തൽ ജോലികൾ അവസാന ഘട്ടത്തിലെത്തി. മാർച്ച് 31 നു മുമ്പ് പണി പൂർത്തീകരിച്ച് പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാനുള്ള തീവ്രയജ്ഞത്തിലാണ് അവർ. രണ്ടരമാസം കഴിഞ്ഞാൽ പാലാരിവട്ടം ഫ്ളെെഓവറിൽ കൂടി വാഹനങ്ങൾ വീണ്ടും ഓടി തുടങ്ങും.


നിർമ്മാണം ഇതുവരെ

പിയറുകളും പിയർ ക്യാപ്പുകളും ശക്തിപ്പെടുത്തി. 19 സ്പാനുകളിൽ 17 ഉം മാറ്റിവച്ചു. 102 ഗർഡറുകളിൽ 100 ഉം മാറ്റി സ്ഥാപിച്ചു. പാലത്തിന്റെ തൂണുകളും തൂണുകളുടെ മുകളിൽ ഗർഡർ വയ്ക്കുന്ന വി ആകൃതിയിലുള്ള പ്രതലവും കോൺക്രീറ്റ് ജാക്കറ്റിംഗ് നടത്തി. തൂണുകൾക്കു കാർബൺ ഫൈബർ റാപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബലം കൂട്ടിയത്. ഗർഡറുകൾ പി.എസ്.സി. ഗർഡറുകളാക്കി. പിയർ ക്യാപ്പുകൾ പൂർണമായും പൊളിച്ച് പുനർനിർമ്മിച്ചു. ഗർഡറുകളും സ്ലാബുകളും മുട്ടം യാർഡിലാണ് നിർമ്മിച്ചത്.

ഇനി എന്തൊക്കെ ?

രണ്ടാം ഘട്ടത്തിൽ 17 സ്ളാബുകളാണ് മാറ്റിവയ്ക്കേണ്ടത്. ഇതിൽ രണ്ടെണ്ണം മാറ്റി. ജനുവരി 31നു മുമ്പ് 5 എണ്ണം കൂടി മാറ്റും. ഫെബ്രുവരിയിൽ 10 സ്ളാബുകൾ കൂടി സ്ഥാപിക്കും. സ്ളാബുകൾ പൂർണമായി ഉറയ്ക്കുന്നതിന് 21 ദിവസം എടുക്കും. അതിനുശേഷമായിരിക്കും ടാറിംഗ് തുടങ്ങുക. മാസ്റ്റിംഗ് ടാറിംഗ് കൂടി നടത്തിയാൽ പാലം ഗതാഗതയോഗ്യമാകും. ഡി.എം.ആർ.സി.യുടേയും ഊരാളുങ്കൽ സൊസൈറ്റിയുടേയും വിദഗ്ദ്ധ എൻജിനീയർമാർ ഉൾപ്പെടെ അറുപതോളം തൊഴിലാളികളാണ് ഫ്ളെെഓവറിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

അതിവേഗം

മാർച്ച് അവസാനം ഫ്ളെെ ഓവറിന്റെ പുനരുദ്ധാരണം പൂർണമാകും. വളരെ വേഗതയിലാണ് നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. സ്ളാബുകൾ മാറ്റി സ്ഥാപിക്കുന്ന ജോലി അവസാനഘട്ടത്തിലാണ്.

എ.പി. പ്രമോദ്

ചീഫ് എൻജിനീയർ

ഊരാളുുങ്കൽ ലേബർ സൊസൈറ്റി