vazha

കോലഞ്ചേരി: ഡൽഹി കർഷകസമരത്തിന് നാടെങ്ങും ഐക്യദാർഢ്യം നടത്തുന്നവർ നാട്ടിലെ നേന്ത്രവാഴക്കർഷകരുടെ കണ്ണീർജീവിതം കാണുന്നില്ല. മുടക്കുമുതലും പത്തുമാസത്തെ അദ്ധ്വാനവും പാഴായ അവസ്ഥയിലാണ് ജില്ലയിലെ ആയിരക്കണക്കിന് കർഷകർ.

40-50 രൂപ കഴി​ഞ്ഞ വർഷം തോട്ടത്തി​ൽ വി​ലകി​ട്ടി​യി​രുന്ന നേന്ത്രന് 18-20 രൂപ വരെ വി​ലതാഴ്ന്നു. ഒരാഴ്ചയായി​ വി​ല 25-30 വരെ കയറിയതാണ് ആകെ ആശ്വാസം. വഴി​യോരങ്ങളി​ൽ നാല് കി​ലോ നൂറുരൂപയ്ക്ക് വരെ നേന്ത്രക്കായ വണ്ടി​ക്കാർ വി​ൽക്കുന്നുണ്ട്. 30 രൂപയെങ്കി​ലും തോട്ടത്തി​ൽ ലഭി​ക്കാതെ വാഴക്കൃഷി​ ലാഭകരമാകി​ല്ല.

പാട്ടത്തിനെടുത്ത സ്ഥലത്ത് പ്രതിസന്ധികൾക്ക് നടുവിലും കൃഷിയിറക്കുകയാണ് കർഷകർ. കാർഷിക വായ്പകളും വട്ടിപ്പലിശയ്ക്ക് കൈവായ്പകളും മ​റ്റുമെടുത്ത് കൃഷി തുടങ്ങിയതാണ് പലരും.
പ്രതീക്ഷ കൈവി
ടാതെ അടുത്ത ഓണക്കാലത്തേയ്ക്കായി ഭൂരിഭാഗം കർഷകരും കൃഷിയിറക്കി തുടങ്ങി. കൽ ശക്തമായ ചൂടും പെട്ടെന്നുള്ള മഴയും ചീച്ചിൽ രോഗവും, പനാമവാട്ടവും കൃഷിയെ ബാധിക്കുന്നുണ്ട്.

നേന്ത്രന്റെ സാമ്പത്തികശാസ്ത്രം

നേന്ത്രവാഴ നട്ട് കുല എടുക്കുന്നത് വരെ ശരാശരി 125 രൂപയുടെ മുടക്കുണ്ട്. 8-10 കിലോയാണ് ഒരു കുലത്തൂക്കം. നേരത്തെ കിലോയ്ക്ക് 40 - 45 വരെ തോട്ടത്തിൽ ലഭിച്ചിരുന്നു,
പാട്ടകൃഷിക്ക് ഒരേക്കറിന് 10000 രൂപ വരെ നൽകണം. കുഴിയൊന്നിന് 15 രൂപ ചെലവ്. വാഴ വിത്തിനും 10, 15 രൂപ നല്കണം.

ഇത്തരം പ്രതിസന്ധി ആദ്യം

ഇങ്ങിനെയൊരു പ്രതിസന്ധി ഇതാദ്യമാണ്. കൃഷിവകുപ്പോ മറ്റ് ഏജൻസികളോ ഒരു തുണയും നൽകിയില്ല. കിലോ 30 എങ്കിലും ലഭിച്ചാലെ പിടിച്ചുനിൽക്കാനാകൂ.

ജോഷി, വാഴക്കർഷകൻ, വണ്ടിപ്പേട്ട

വാഴ മറ്റൊരു കല്പവൃക്ഷം

വാഴക്കുലയ്ക്കും, വാഴയിലയ്ക്കും പുറമെ വാഴക്കുടപ്പനും, വാഴപ്പിണ്ടിയും, വാഴ മാങ്ങിനും, വാഴ നാരിനും, വാഴക്കണ്ണിനും ആവശ്യക്കാരേറിയ കാലമാണിത്.

തെങ്ങിനെപ്പോലെ വാഴയുടെ സകല സാധനങ്ങളും ഉപയോഗപ്പെടുത്താനാവും ഇപ്പോൾ.

• വാഴ കുടപ്പന് ഇന്നലെ ചില്ലറ വിപണിയിൽ കിലോഗ്രാമിനു 20 രൂപ!. മൊത്ത മാർക്ക​റ്റിൽ 14 രൂപ. നഗരങ്ങളിലെ ഹോട്ടൽ മെനുവിലും കുടപ്പൻ തോരനും താരം. കുടപ്പൻ പോഷകങ്ങളുടെ കലവറയത്രെ. ബയട്രി ഫൈബർ, വി​റ്റാമിൻ എ, സി, ഇ എന്നിവയാൽ സമ്പുഷ്ടം. രക്തസമ്മർദം കുറയ്ക്കാൻ പൊട്ടാസ്യം സഹായിക്കും.

• വാഴപ്പിണ്ടി തോരൻ, തീയൽ, രസം എന്നിവയിലും നവീന പാചകക്കാർ വാഴപ്പിണ്ടി ചേർക്കുന്നുണ്ട്. പിണ്ടി അച്ചാറിനും ആവശ്യക്കാരേറെ. ഉപ്പിലിട്ട പിണ്ടി സ്റ്റാറാണത്രെ. പിണ്ടിനീര് പ്രമേഹ രോഗികൾക്കും പ്രിയം. ഇത് ലഭിക്കുന്ന ജ്യൂസ് കടകളും ഇപ്പോൾ ധാരാളം.

• വാഴയുടെ മാങ്ങ് (മണ്ണിന്നടിയിൽ കാണുന്ന ഭാഗം) നാട്ടിൻ പുറത്തെയും നഗരങ്ങളിലെയും പച്ചക്കറി കടകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മെഴുക്കുപുരട്ടിക്കാണ് ഉപയോഗം.

• ഇലയുടെ വിലയും കൂടി വരികയാണ്. 'വാഴയിലയിൽ ഊണ്' എന്ന് ബോർഡുകൾ സർവസാധാരണമായി. വൻ വിപണിയാണ് വാഴയിലയ്ക്ക്. ഒരിലയ്ക്ക് എട്ടു മുതൽ പത്തുരൂപ വരെയുണ്ട്.

• ആർക്കും വേണ്ടാത്ത വാഴപ്പോളയിൽനിന്ന് ആരെയും മോഹിപ്പിക്കുന്ന ഹാൻഡ് ബാഗുകളും ടേബിൾ മാ​റ്റുകളുമെല്ലാം നിർമിക്കുന്നു. വാഴ നാരു കൊണ്ട് സാനിറ്ററി നാപ്കിനും ഡൽഹി ഐ.ഐ ടി വിദ്യാർത്ഥികൾ തയ്യാറാക്കിയിട്ടുണ്ട്.

• ഒരു വാഴയിൽ നിന്നും ശരാശരി നാല് അഞ്ച് വാഴ കണ്ണുകൾ പിരിയും. കണ്ണൊന്നിന് പത്തു രൂപ വില ലഭിക്കും.