
കൊച്ചി: കൊവിഡ് ഭേദമായവരിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ വർദ്ധിക്കുന്നു. ഇതോടെ കൊവിഡേതര ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലടക്കം പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിൽ തിരക്കേറി. പ്രതിദിനം ശരാശരി മുന്നു പേരോളം ചികിത്സയ്ക്കായി പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളെ ആശ്രയിക്കുന്നതായാണ് കണക്ക്. ആശുപത്രികളിലെല്ലാം തന്നെ കൊവിഡ് ചികിത്സയിലേക്ക് തിരിയുകയാണ്. ആയുർവേദ, ഹോമിയോ, അലോപ്പതി ആശുപത്രികളിൽ കൊവിഡിന് ശേഷമുള്ള ചികിത്സയ്ക്കായി പ്രത്യേക വിഭാഗം രൂപീകരിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിലെ പരിശോധനയ്ക്ക് ശേഷം വിദഗദ്ധ ഡോക്ടർമാരുടെ ചികിത്സയ്ക്ക് വിധേയമാക്കുകയാണ് ചെയ്യുന്നത്. 30 ശതമാനം പേർക്കും മൂന്നു മാസം വരെ സമാനമായ രോഗാവസ്ഥ തുടരാനും സാദ്ധ്യതയുണ്ട്.
കൂടുതൽ ശ്രദ്ധ വേണം
കൊവിഡിന് ശേഷമുള്ള ആരോഗ്യ ബുദ്ധിമുട്ടുകളോട് മുഖം തിരിക്കരുതെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ശ്രദ്ധിച്ചില്ലെങ്കിൽ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാം. പ്രധാന അവയവങ്ങളെ കൊവിഡ് പ്രതികൂലമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ സർക്കാർ പോസ്റ്റ് കൊവിഡ് രോഗമുള്ളവരുടെ കണക്കുകൾ ശേഖരിച്ച് വരികയാണ്. സമഗ്രമായ പഠനത്തിലൂടെ വ്യക്തമായ ചിത്രം കണ്ടെത്താനാണ് ആരോഗ്യവകുപ്പ് ശ്രമം. കൊവിഡ് പോസിറ്റീവായ ശേഷം രോഗമുക്തി നേടിയവരിൽ 10 ശതമാനത്തിന് പാർശ്വഫലങ്ങൾ ഉണ്ടാകുന്നതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.
രോഗങ്ങളേറെ
ശരീരിക ബുദ്ധിമുട്ടുകൾ, ശ്വാസം മുട്ടൽ, സന്ധിവേദന തുടങ്ങി നിരവധി രോഗങ്ങളാണ് കൊവിഡ് രോഗം ഭേദമായവരിൽ കണ്ടു വരുന്നത്. കടുത്ത തലവേദന, ക്ഷീണം എന്നിവയിൽ തുടങ്ങി ഹൃദ്രോഗവും വൃക്കരോഗവും പക്ഷാഘാതവും വരെ ഉണ്ടാകാൻ സാദ്ധ്യതയുെണ്ടന്ന് പഠനങ്ങൾ തെളിയിക്കുന്നു. രോഗം ഭേദമാവുന്നവരിൽ ഗുരുതര ശ്വാസകോശ പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. കാഴ്ച്ചയുമായി ബന്ധപ്പെട്ട രോഗങ്ങൾ വർദ്ധിക്കുന്നു. പോസ്റ്റ് കൊവിഡ് ക്ലിനിക്കിൽ പ്രാഥമിക പരിശോധനയ്ക്ക് വിധേയരായരാവുന്നവരിൽ അമിതമായ ക്ഷീണം, ശ്വാസംമുട്ടൽ, കിതപ്പ് എന്നിവയ്ക്കൊപ്പം ശ്വാസകോശത്തെ സാരമായി ബാധിച്ച ലംഗ് ഫൈബ്രോസിസും കണ്ടെത്തിയിട്ടുണ്ട്. പ്രമേഹ ബാധിതരായിരുന്ന കൊവിഡ് മുക്തരിലാണ് കൊവിഡിന് ശേഷം കാഴ്ച പ്രശ്‌നങ്ങൾ വർദ്ധിച്ചത്. പേശി വേദന, മറവി തുടങ്ങിയവ പോസ്റ്റ് കൊവിഡ് രോഗങ്ങളും പട്ടികയിലുണ്ട്.
ലക്ഷണങ്ങളെ അവഗണിക്കരുത്
കൊവിഡിന് ശേഷമുണ്ടാവുന്ന ശാരീരികമായ ബുദ്ധിമുട്ടുകളെ അവഗണിക്കരുത്. കൃത്യമായ ചികിത്സ തേടണം. കൂടാതെ സ്വയം ചികിത്സയും അരുത്. അമിതമായ വ്യായാമങ്ങൾ ചെയ്യാതെ സമീകൃത ആഹാരം കഴിച്ച് ശരീരത്തിന് വിശ്രമം നൽകുകയാണ് വേണ്ടത്.
ഡോ. രാജീവ് ജയദേവൻ
ജില്ല പ്രസിഡന്റ്
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ