ഏലൂർ: പ്രായാധിക്യം തളർത്താത്ത മനസും ശരീരവും ശാരീരവുമായി നാലു പതിറ്റാണ്ട് ഇടവേള കഴിഞ്ഞ് സംഗീതത്തിന്റെ സുന്ദരരാവുകൾ തീർക്കാൻ 1970ൽ തുടക്കമിട്ട സംഗീതഭവൻ കൂട്ടായ്മ ഒത്തുചേർന്നു.
പ്രമുഖ സിനിമാ സംവിധായകൻ മെക്കാർട്ടിൻ, ദേശീയ പുരസ്കാര ജേതാവായ പട്ടണം റഷീദ് തുടങ്ങിയവരെ കൂടാതെ 80നുമേൽ പ്രായമുള്ള പഴയ താരങ്ങൾ വേദിയിൽ സംഗീതവും ഈണങ്ങളുമായി നിറഞ്ഞുനിന്നു.
പ്രമുഖ ഗാനമേള ട്രൂപ്പുകളിലും കെ.പി.എ.സി. ഉൾപ്പെടെയുള്ള നാടകസമിതികളിലും ഹാർമോണിയവും കീബോർഡും കൈകാര്യം ചെയ്ത ശേഷമാണ് മെക്കാർട്ടിൻ തിരക്കഥാകൃത്തും സംവിധായകനുമായി മാറിയത്.
കോംഗോ ഡ്രം വായിച്ചായിരുന്നു പട്ടണം റഷീദിന്റെ കലാജീവിതത്തുടക്കം.
സംസ്ഥാന അവാർഡുകൾ വാങ്ങിയ ജേഷ്ഠൻ പട്ടണം ഷായും, അനുജൻ പട്ടണം സലാത്തുമുൾപ്പെടെ പട്ടണം ഫാമിലി ഇതോടൊപ്പമുണ്ട്. യേശുദാസിന്റെ ഗാനമേളകളിൽ ടൈമിംഗ് വായിച്ചിരുന്ന പട്ടണം ഹുസൈന്റെ മക്കളാണ് ഇവർ മൂവരും.
പോളിടെക്നിക് അദ്ധ്യാപകനായിരുന്ന ലൂയിസ് വടശേരി അറിയപ്പെടുന്ന വയലിനിസ്റ്റാണ്. ദീർഘകാലം ഏയ്ഞ്ചൽ വോയ്സിനെ നയിച്ച ഗിത്താറിസ്റ്റ് ജോയി സി.സി, കേരളത്തിലെ ഏറ്റവും മികച്ച തബലിസ്റ്റ് പവിത്രൻ, മറ്റ് സംഗീതോപകരണങ്ങൾ വായിക്കുന്ന കൊളംബസ് , എം. എം.എ മൂപ്പൻ, ജോജി കാനപള്ളി, കരിം ഷാ , ജോബ്, ഗായികമാരായ തെന്നൽ, യമുന, വിജയകുമാരി അങ്ങിനെ പ്രമുഖരുടെ നിര തന്നെ സംഗീതകൂട്ടായ്മയിലുണ്ട്.
വിട്ടുപിരിഞ്ഞ വി.ജെ.ജോയിയുടെ ഓർമ്മയ്ക്കായി എസ്.സി.എസ് മേനോൻ ഹാളിനെ ജോയിനഗർ ആക്കിയായിരുന്നു പരിപാടി.ഗാനങ്ങൾ രചിച്ചും നാടകമെഴുതിയും സജീവമായുണ്ടായിരുന്ന എൺപത് പിന്നിട്ട ഏലൂർ അബ്ദുൾ ഖാദർ , ജോയ് വടശേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.