ഏലൂർ: മകളുടെ മരണത്തിന്റെ കാരണം തേടി പിതാവ് അലയാൻ തുടങ്ങിയിട്ട് വർഷം അഞ്ചായി. ഏലൂർ ഫാക്ട് ടൗൺ ഷിപ്പ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സാംസൺ ജോൺ, ജിജി ദമ്പതികളുടെ ഭിന്നശേഷിയുള്ള മകളായ ലിയാ സൂസനാണ് സംശയകരമായ സാഹചര്യത്തിൽ കളമശേരി എച്ച്.എം.ടി റോഡിലെ വിമുക്തി സ്പെഷ്യൽ സ്കൂളിന്റെ ക്ലാസ് മുറിയിൽ തളർന്ന് വീണതിനെ തുടർന്നാണ് ലിയ സൂസൻ മരിച്ചത്.
പത്തടിപാലത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് സാംസണെ വിവരമറിയിക്കുന്നത്. തുടർന്ന് പാലാരിവട്ടത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് ചികിത്സ ആരംഭിക്കും മുമ്പുതന്നെ മരണത്തിന് കീഴടങ്ങി. 11 വയസുള്ള കുഞ്ഞായതിനാലും അപ്പോഴത്തെ മാനസികാവസ്ഥയിലും കുടുംബം പോസ്റ്റ് മോർട്ടം ആവശ്യപ്പെട്ടില്ലെന്ന് സാംസൺ പറഞ്ഞു.
സ്കൂൾ അധികൃതർ വ്യക്തമായ കാരണം പറയാത്തതിനാൽ സാമൂഹ്യനീതി വകുപ്പിനും വിമുക്തി ബോർഡ് ഡയറക്ടർക്കും പരാതി നൽകിയെങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനാൽ കേസ് ഫയൽ ചെയ്തു. പൊലീസ് ഐ.ജിക്കും പരാതി കൊടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കളമശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നവംബർ 11 ന് വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. അത്യാസന്ന നിലയിൽ കാണുമ്പോൾ ക്ലാസിൽ കുട്ടി മാത്രമാണ് ഉണ്ടായിരുന്നതെന്നും 15 മിനിറ്റ് നേരം അദ്ധ്യാപിക ക്ലാസിൽ നിന്നും മാറി നിന്ന സമയത്താണ് എന്തോ അത്യാഹിതം സംഭവിച്ചതെന്നുമാണ് വീട്ടുകാരുടെ നിഗമനം. അതിന്റെ സത്യാവസ്ഥ എന്താണെന്നറിയണമെന്നാണ് സാംസന്റെയും കുടുംബത്തിന്റെയും ആവശ്യം. മരണ കാരണം അന്വേഷിച്ച് 5 വർഷക്കാലമായി പൊലീസിലും സാമൂഹ്യനീതി വകുപ്പിലും കോടതിയിലുമെല്ലാം കയറി ഇറങ്ങുകയാണ് സാംസൺ.