കൊച്ചി: എറണാകുളം ജില്ലയ്ക്ക് പുതുവത്സര സമ്മാനമായി വൈറ്റില ,കുണ്ടന്നൂർ ഫ്ളൈ ഓവറുകൾ ജനുവരി 9ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും . മണിക്കൂറിൽ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വൈറ്റില, കുണ്ടന്നൂർ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും. വൈറ്റില ഫ്ളൈ ഓവർ രാവിലെ 9.30 നും കുണ്ടന്നൂർ ഫ്ളൈഓവർ 11 നും ഗതാഗതത്തിനായി തുറന്നുകൊടുക്കും. രണ്ട് പാലങ്ങളിലേയും ഭാരപരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് ഉദ്ഘാടന പരിപാടി നിശ്ചയിച്ചത്. സാങ്കേതികവും നിയമപരവും സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പരിശോധനകളുടെ ഭാഗമായാണ് ഫ്ളൈ ഓവറുകളുടെ ഭാരപരിശോധന നടത്തിയത്. .
സംസ്ഥാന സർക്കാർ പൂർണമായും കിഫ്ബി ധനസഹായത്തോടെയാണ് ഫ്ളൈ ഓവറുകൾ പൂർത്തിയാക്കിയത്.
86.34 കോടി രൂപ വൈറ്റില ഫ്ളൈ ഓവറിനും 82.74 കോടി രൂപ കുണ്ടന്നൂർ ഫ്ളൈ ഓവറിനും ചെലവഴിച്ചു.
2017 ഡിസംബർ 11ന് മുഖ്യമന്ത്രി പിണറായി വിജയനാണ് വൈറ്റില ഫ്ളൈ ഓവറിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. 2018 മേയ് 31നാണ് കുണ്ടന്നൂർ ഫ്ളൈ ഓവറിന്റെ നിർമ്മാണോദ്ഘാടനം നടന്നത്.
717 മീറ്ററാണ് വൈറ്റില ഫ്ളൈ ഓവറിന്റെ നീളം. കുണ്ടന്നൂർ ഫ്‌ളൈ ഓവറിന് 750 മീറ്റർ നീളവുമുണ്ട്. ഇരുവശങ്ങളിലുമായി ആറുവരി ഗതാഗതമാണ് ഒരുക്കിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണം.
# വിവാദങ്ങളിൽ കുരുങ്ങി
2017 ൽ നിർമ്മാണം തുടങ്ങിയെങ്കിലും പലവിധ കാരണങ്ങൾ മൂലം പൂർത്തീകരണം വൈകി. മെട്രോ പാലവുമായുള്ള ഉയരവ്യത്യാസവും പാലത്തിന്റെ തുടക്കത്തിലെ ഉയരനിയന്ത്രണവും വിവാദങ്ങളായി. എന്നാൽ അഞ്ചരമീറ്റർ ഉയരവ്യത്യാസമുള്ള പാലത്തിലൂടെ വലിയ ഭാരവാഹനങ്ങളടക്കം സുഗമമായി കടന്നുപോകും. അടിയിലെ മൂന്നുഭാഗങ്ങളായി തിരിച്ച റോഡുകളിൽ സിഗ്‌നൽ സംവിധാനവും ഒരുക്കിക്കഴിഞ്ഞു. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയ്ക്ക് മുകളിലൂടെ അപ്രോച്ച് റോഡ് അടക്കമാണ് കുണ്ടന്നൂർ ഫ്‌ളൈ ഓവർ നിർമ്മിച്ചിരിക്കുന്നത്. പാലങ്ങൾക്ക് അധിക ബലത്തിനായി മാസ്റ്റിക് ടാറിംഗും നടത്തിയിരുന്നു.
#ഭാരപരിശോധന പൂർത്തിയായി
പാലാരിവട്ടം പാലത്തിന്റെ ദുർവിധി ആവർത്തിക്കാതിരിക്കുന്നതിനാണ് ഇരു ഫ്ളൈ ഓവറുകളിലും ഭാരപരിശോധന നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പാലത്തിന്റെ ഒരു സ്പാനിൽ ഭാരം കയറ്റിയ നാല് ടോറസ് ലോറികൾ കയറ്റി പരിശോധന തുടങ്ങി. 24 മണിക്കൂറിനുള്ളിൽ പരിശോധന പൂർത്തിയാക്കി. കരാറിൽ ഭാരപരിശോധന നിർദേശിച്ചിരുന്നില്ല. 'പാലാരിവട്ടം പേടി'യെത്തുടർന്ന് ഇത് പിന്നീട് കരാറിലുൾപ്പെടുത്തുകയായിരുന്നു.