പറവൂർ: യാത്രക്കാരെ ദുരിതത്തിലാക്കി ദേശീയപാത അധികൃതരുടെ റോഡ് ടാറിംഗ്. ദേശീയപാത 66ൽ ടാറിംഗിനിടെ വലിയതോതിൽ ഗതാഗതക്കുരുക്കുണ്ടായി. തിരക്കുള്ള റോഡിൽ പകൽ സമയത്ത് ടാറിംഗ് നടത്തരുതെന്ന് യാത്രക്കാരും നാട്ടുകാരും പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പ് ഇത്തരത്തിൽ ടാറിംഗ് നടത്തിയപ്പോൾ ജനപ്രതിനിധികളടക്കം പ്രതിഷേധം അറിയിച്ചിരുന്നു. എന്നിട്ടും നാട്ടുകാരെ ബുദ്ധിമുട്ടിക്കുകയാണ് ഉദ്യോഗസ്ഥർ. ഘണ്ടാകർണൻവെളി ഭാഗത്ത് ടാറിംഗ് നടത്തിയപ്പോൾ പറവൂർ ടൗൺ വരെ ഗതാഗതക്കുരുക്കുണ്ടായി. കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഇതുവഴിയെത്തിയ ആംബുലൻസ് കടന്നുപോകാൻ ബുദ്ധിമുട്ടി. തൊഴിലാളികളെയും അധികൃതരെയും ചീത്ത പറഞ്ഞാണ് പലരും കടന്നുപോയത്.
ദേശീയപാതയിൽ മൂത്തകുന്നം മുതൽ വരാപ്പുഴ വരെയുള്ള ഭാഗത്ത് വീതി വളരെക്കുറവാണെങ്കിലും ബസുകളും കണ്ടെയ്നർ ലോറികളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. പകൽ സമയത്ത് ഇവിടെ ടാറിംഗ് നടത്തിയാൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാമെന്ന് ഉറപ്പാണ്. ഇതറിഞ്ഞിട്ടും തിരക്കേറെയുള്ള രാവിലെതന്നെ ടാറിംഗ് നടത്തി ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ജോലിക്കു പോകുന്നവരും ആശുപത്രിയിൽ പോകുന്നവരുമെല്ലാം മണിക്കൂറുകൾ റോഡിൽ കിടക്കേണ്ടിവരുന്നു. സംഭവത്തെത്തുടർന്നു നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതിയും വൈസ് ചെയർമാൻ എം.ജെ. രാജുവും ദേശീയപാത അധികൃതരെ നേരിട്ടുകണ്ടു. കരാറുകാരൻ സമ്മതിക്കാത്തതിനാലാണ് രാത്രി സമയത്ത് ടാറിംഗ് നടത്താത്തതെന്ന മുടന്തൻ ന്യായമാണ് ഉദ്യോഗസ്ഥർ നൽകിയ മറുപടി. ആ വാദം അംഗീകരിക്കാനാകില്ലെന്നും പകൽ സമയത്തെ ടാറിംഗ് പൂർണമായി ഒഴിവാക്കണമെന്നും ടാറിംഗ് രാത്രിയിൽ നടത്തി രാവിലെ ആറ് മണിക്കുള്ളിൽ അവസാനിപ്പിക്കണമെന്നും നഗരസഭാ അധികാരികൾ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഇതു പ്രകാരം കരാറുകാരന് നിർദേശം കൊടുക്കാമെന്നു ദേശീയപാത അധികൃതർ ഇരുവർക്കും ഉറപ്പു നൽകി. റോഡിലേക്കു ചാഞ്ഞു നിൽക്കുന്ന മരച്ചില്ലകൾ മുറിക്കണം, റോഡും അരികും തമ്മിലുള്ള ഉയരവ്യത്യാസം കുറയ്ക്കണം, ടെമ്പിൾ റോഡിലെ വെള്ളം ഒഴുകിപ്പോകാൻ ഡ്രൈനേജ് ഒരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.