4

പെരുമ്പാവൂർ: പ്രതീക്ഷകളുടെ പുത്തൻ പുലരിക്ക് കാത്ത് നിൽക്കാതെ ജീവനൊടുക്കിയ ചേലാമറ്റം സ്വദേശി ബിജുവിന്റെയും ഭാര്യ അമ്പിളിയുടെയും മൃതദേഹങ്ങൾ കൊവിഡ് ടെസ്റ്റിന് ശേഷം മലമുറി ശ്മശാനത്തിലും മക്കളായ ആദിത്യ, അർജുൻ എന്നിവരെ പാറപ്പുറം എസ്.എൻ.ഡിപി ശ്മശാനത്തിലും സംസ്‌കരിക്കും. ഇന്നലെ പുലർച്ചെയാണ് ചേലാമറ്റം പാറപ്പുറത്തുകൂടി വീട്ടിൽ പത്ഭനാഭൻ മകൻ ബിജു (46) ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കൽ അമ്പിളി (39) മകൾ ആദിത്യ (15) മകൻ അർജുൻ (13) എന്നിവരെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴിന് പാൽ വാങ്ങാൻ വന്ന അയൽവാസി വിളിച്ചിട്ടും വീട്ടിൽ നിന്ന് ആരും പുറത്തു വരാത്തതിനെത്തുടർന്നു സമീപവാസികളെ വിളിച്ചുവരുത്തി വീടിന്റെ വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഇവർ മരിച്ചത് കണ്ടത്. ഭക്ഷണത്തിൽ എന്തെങ്കിലും ചേർത്ത് കഴിച്ച ശേഷം തൂങ്ങിയതാണെന്ന് സംശയിക്കുന്നു. പോസ്റ്റ്‌മോർട്ടത്തിനു ശേഷമാണ് മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് പറഞ്ഞു. കൊവിഡ് ടെസ്റ്റിന് ശേഷമേ പോസ്റ്റുമോർട്ടം നടത്തൂ. റൂറൽ എസ്.പിയും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തി.

ചിട്ടി നടത്തിപ്പിൽ ബിജുവിന് ലക്ഷങ്ങൾ ബാദ്ധ്യത ഉണ്ടായിരുന്നു. വർഷങ്ങളായി ചിട്ടി നടത്തുന്ന ബിജു എല്ലാവരോടും ഡിസംബർ 31 നകം പണം നൽകാമെന്നാണ് പറഞ്ഞിരുന്നത്. മരിക്കുന്നതിനു മുൻപായി എഴുതിവച്ച കത്തും പൊലീസ് കണ്ടെടുത്തു. ഇതിൽ സാമ്പത്തിക ബാദ്ധ്യതകളെ പറ്റി സൂചിപ്പിച്ചിട്ടുണ്ട്. ബന്ധുക്കളുമായി അകന്ന് കഴിയുന്ന ഇവരുടെ മൃതദേഹം അവരെ കാണിക്കരുതെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ വീടിന്റെ ഭിത്തിയിൽ കുറിപ്പും എഴുതിയിട്ടുണ്ട്. നിരവധി പേർ ഭീഷണിപ്പെടുത്തിയതായും കുറിപ്പിൽ പറയുന്നു. പുലർച്ചെ മൂന്നിന് ശേഷമാണ് മരണം നടന്നതെന്നാണ് പോലീസ് നിഗമനം. ആ സമയത്ത് ആദിത്യ കൂട്ടുകാർക്ക് ഐ ലവ് യൂ എന്ന് മെസേജ് അയച്ചിരുന്നു. ഹാളിലെ ഹുക്കിൽ പിതാവും മകനും ബെഡ് റൂമിലെ ഹുക്കിൽ അമ്മയും മകളുമാണ് ഒരു കയറിൽ ഇരുവശത്തുമായി തൂങ്ങിമരിച്ചതായി കാണപ്പെട്ടത്. ആദിത്യ കാലടി കാഞ്ചി ശങ്കരസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആദിത്യയുടെയും എട്ടാംക്ളാസ് വിദ്യാർത്ഥിയായ അർജുനിന്റെയും മരണം കൂട്ടുകാരെ ഞെട്ടിച്ചു. ഇന്നലെ വൈകിട്ട് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തി.


സമഗ്ര അന്വേഷണം വേണം: എൽദോസ് കുന്നപ്പിള്ളി

ഒക്കൽ ചേലാമറ്റം ഭാഗത്ത് ഒരു കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി. മറ്റെന്തെങ്കിലും സമ്മർദ്ദം ആത്മഹത്യയ്ക്ക് പിന്നിലുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നാണ് എം.എൽ.എ ആവശ്യപ്പെട്ടിരിക്കുന്നത്.