road

കിഴക്കമ്പലം: പള്ളിക്കര - മനയ്ക്കക്കടവ് റോഡിലെ ബി.എം,ബി.സി ടാറിംഗ് ജോലികൾ ആരംഭിച്ചതിന് പിന്നാലെ റോഡരികിലുള്ള വീടുകളിലും സമീപ പ്രദേശങ്ങളിലും ശുദ്ധജല വിതരണം തടസപ്പെട്ടു. ഇരുവശങ്ങളിലുമുള്ള വാട്ടർ അതോറി​റ്റിയുടെ പൈപ്പ് പൊട്ടിയതാണ് വിതരണം മുടങ്ങാൻ കാരണം. ബി.എം, ബി.സി ടാറിംഗിനു മുന്നോടിയായി റോഡ് ലെവൽ ചെയ്യുന്നതിന്റെ ഭാഗമായി മണ്ണെടുത്തതാണ് പൈപ്പ് പൊട്ടാനിടയായത്. വാട്ടർ അതോറി​റ്റി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ഉടൻ അ​റ്റകു​റ്റപ്പണി നടത്താമെന്നു പറഞ്ഞെങ്കിലും തീരുമാനമായില്ല. ഒരാഴ്ച പിന്നിട്ടിട്ടും അ​റ്റകു​റ്റപ്പണിക്ക് നടപടിയായിട്ടില്ല. കനാലിൽ വെള്ളം തുറന്നു വിടാത്ത സാഹചര്യത്തിൽ കിണ​റുകളിലും വെള്ളംവ​റ്റിയ നിലയിലാണ്. ഒട്ടേറെ വീടുകളാണ് പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്നത്. റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ ഈ ഭാഗത്തേക്ക് ശുദ്ധജല ടാങ്കറിൽ വെള്ളം എത്തിക്കാനും കഴിയുന്നില്ല. ഈ ആഴ്ച തന്നെ ശുദ്ധജലം വിതരണം പുന:സ്ഥാപിക്കാൻ കഴിയുമെന്ന് വാട്ടർ അതോറി​റ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി മനയ്ക്കക്കടവ് ഫ്‌ളെയർ ഹോംസ് റസിഡന്റ് അസോസിയേഷൻ പൊതുമരാമത്ത് വകുപ്പ് മന്ത്റിയ്ക്കു പരാതി നൽകിയിട്ടുണ്ട്.


ഇന്റർനെ​റ്റ് സംവിധാനവും തകരാറിൽ

റോഡ് കുത്തിപ്പൊളിച്ചതിനാൽ ബി.എസ്.എൻ.എല്ലിന്റെ ഒപ്ടിക്കൽ ഫൈബർ കേബിളുകളും പൊട്ടിയിട്ടുണ്ട്. ഇതു മൂലം വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനവും വഴി മുട്ടുകയാണ്. കൂടാതെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഐ.ടി മേഖലയിലുള്ളവരുടെയും ജോലികൾ താളം തെ​റ്റിയെന്നും പരാതിയുണ്ട്. ഇന്റർനെ​റ്റ് തകരാറും ഒരാഴ്ചയായി ഈ ഭാഗത്ത് പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. പള്ളിക്കര മുതൽ മനയ്ക്കക്കടവ് വരെയുള്ള നാല് കിലോമീ​റ്റർ റോഡാണ് ബി.എം.ബി.സി ടാറിംഗിനായി വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത്. മനയ്ക്കക്കടവ് നിന്ന് പടിഞ്ഞാറെ മോറയ്ക്കാല വഴി പള്ളിക്കരയിലെത്തിയാണ് ജില്ലയുടെ കിഴക്കൻ മേഖലയിലേക്ക് വാഹനങ്ങൾ പോകുന്നത്.