gail

കൊച്ചി: കൊച്ചിയിലെ വൈപ്പിൻ മുതൽ മംഗലാപുരത്തെ ആർക്കുള വരെ നീളുന്ന 444 കിലോമീറ്റർ ഗെയിൽ പൈപ്പ്ലൈൻ നാളെ (5) രാഷ്ട്രത്തിന് സമർപ്പിക്കുമ്പോൾ കേരളം കുറിക്കുന്നത് പുതിയൊരു വികസന ചരിത്രം. പൈപ്പിലൂടെ പ്രവഹിക്കുന്ന ദ്രവീകൃത പ്രകൃതിവാതകം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ജ്വലിപ്പിക്കുക മാത്രമല്ല, ഇന്ധന ഉപഭോഗത്തിൽ വിപ്ളവകരമായ മാറ്റവും കുറിക്കും. വികസനപദ്ധതികളിൽ നിശ്ചയദാർഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും കൂട്ടായ്‌മയുടെയും തെളിവ് കൂടിയാണ് കൊച്ചി മംഗലാപുരം എൽ.എൻ.ജി പൈപ്പ്ലൈൻ.

4493 കോടി രൂപ ചെലവഴിച്ചാണ് പൈപ്പ്ലൈൻ പൂർത്തിയാക്കിയത്. പൈപ്പ്ലൈൻ പൂർണതോതിൽ പ്രവർത്തിക്കുമ്പോൾ കേരളത്തിന് പ്രതിവർഷം ആയിരം കോടി രൂപ വരെ നികുതിവരുമാനം ലഭിക്കും. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കാനും കൂടുതൽ വ്യവസായങ്ങൾ ആരംഭിക്കാനും പൈപ്പ്ലൈൻ

സഹായിക്കും. വില കുറഞ്ഞ എൽ.എൻ.ജി ഇന്ധനമായി സ്വീകരിക്കുന്നതോടെ വ്യവസായങ്ങളുടെ ഉത്പാദനച്ചെലവ് കുറയ്ക്കാനാകും. എൽ.എൻ.ജിയിൽ നിന്ന് കാർബൺ പുറംതള്ളുന്നത് കുറവായതിനാൽ മലിനീകരണവും കുറയും.

വൈകിയത് ഏഴുവർഷം

2013 ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പൈപ്പ്ലൈൻ പദ്ധതിയാണ് ചില സംഘടനകളുടെ പ്രതിഷേധത്തിൽ കുരുങ്ങി ഏഴു വർഷം വൈകിയത്. പദ്ധതിക്കെതിരെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ വരെ ഉയർത്തിയ പ്രതിഷേധങ്ങൾ മറികടന്നാണ് പദ്ധതി സഫലമായത്.

നൂറ്റാണ്ടിന്റെ ഇന്ധനം എന്ന് വിശേഷിപ്പിക്കുന്ന പ്രകൃതിവാതകം രാജ്യത്ത് ലഭ്യമാക്കാൻ കൊച്ചിയിലും ഗുജറാത്തിലെ ദഹേജിലും ടെർമിനലുകളും പൈപ്പ്ലൈനുകളും സ്ഥാപിക്കാൻ രണ്ടു പതിറ്റാണ്ട് മുൻപാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. രണ്ടിടത്തും ഒരേസമയം ടെർമിനൽ നിർമ്മിക്കാൻ തീരുമാനിച്ചെങ്കിലും കൊച്ചിയിൽ നടപടികൾ ഇഴഞ്ഞു. 2004 ഏപ്രിലിൽ ദഹേജിലെ ടെർമിനൽ ഉദ്ഘാടനം ചെയ്തു. 2007 ജൂലായിൽ നിർമ്മാണം ആരംഭിച്ച കൊച്ചി ടെർമിനൽ 2013 ലാണ് കമ്മിഷൻ ചെയ്തത്. നിശ്ചയിച്ചതിലും രണ്ടു വർഷം വൈകി.

ടെർമിനലിനൊപ്പം എറണാകുളം ജില്ലയിൽ 48 കിലോമീറ്റർ പൈപ്പ് സ്ഥാപിച്ചു. കൊച്ചിയിലെ ഫാക്ട് ഉൾപ്പെ‌ടെയുള്ള വ്യവസായങ്ങൾക്ക് എൽ.എൻ.ജി ലഭ്യമാക്കനാണ് ആദ്യഘട്ടം പൈപ്പ് സ്ഥാപിച്ചത്. 2013 മുതൽ ഫാക്ട് എൽ.എൻ.ജി സ്വീകരിച്ചു തുടങ്ങി.

കൊച്ചിയിൽ ഇറക്കുമതി ചെയ്യുന്ന എൽ.എൻ.ജി രണ്ടു പൈപ്പ്ലൈനുകൾ വഴി തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലും എത്തിക്കാനായിരുന്നു പദ്ധതി. കൊച്ചിയിൽ ആരംഭിക്കുന്ന പൈപ്പ് ലൈൻ പാലക്കാട് ജില്ലയിലെ കൂറ്റനാടു നിന്ന് രണ്ടായി പിരിയും. കൂറ്റനാട് നിന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് വഴി മംഗലാപുരം വരെ നീളും. കൂറ്റനാട്ടു നിന്ന് വാളയാർ, കോയമ്പത്തൂർ, സേലം വഴി ബംഗളൂരുവിൽ എത്തുന്നതാണ് രണ്ടാം പൈപ്പ്ലൈൻ. വാളയാർ വരെ പൈപ്പ്ലൈൻ പൂർത്തിയായി.