കൊച്ചി: പുതുവർഷാരംഭത്തിൽ കുട്ടികളുടെ കലപിലകളില്ലാതെ സ്‌കൂളുകൾ വീണ്ടും തുറന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ലാസുകൾ തുടങ്ങിയത്. ആശങ്കകളില്ലാതെ അദ്ധ്യാപകർ എത്തിയപ്പോൾ കൂട്ടുകാരെ പത്തു മാസത്തിന് ശേഷം കണ്ട ആഹ്ലാദത്തിലായിരുന്നു വിദ്യാർത്ഥികൾ.
പുതിയ അദ്ധ്യയന വർഷത്തിൽ പത്ത്, പ്ലസ് ടു വിദ്യാർത്ഥികൾക്കായി ആരംഭിച്ച ആദ്യ റിവിഷൻ ക്ലാസുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാർത്ഥികൾ എത്തിയത്. മാസ്‌ക് ധരിച്ച്, സാനിറ്റൈസർ കൈയിൽ കരുതിയെത്തിയ വിദ്യാർത്ഥികളെ സുരക്ഷാക്രമീകരണങ്ങൾ അണുവിട തെറ്റാതെ അദ്ധ്യാപകർ സ്വാഗതം ചെയ്തു.
ക്ലാസിൽ കയറി വിദ്യാർത്ഥികൾക്കായി ഒരു ബഞ്ചിൽ ഒരാൾ മാത്രമാണ് അനുവദിച്ചത്. വിക്ടർ ചാനലിലൂടെ വിദ്യാർത്ഥികൾ പഠിച്ച വിഷയങ്ങൾ സംബന്ധിച്ച് അദ്ധ്യാപകർ ക്ലാസുകൾ എടുത്തു. മൂന്നു മണിക്കൂറായിരുന്നു ക്ലാസുകൾ. 9.30 ന് ആരംഭിച്ച ക്ലാസുകൾ 12.30 ഓടെ അവസാനിച്ചു. ഒരു ക്ലാസിലെ പകുതി വിദ്യാർത്ഥികളാണ് ക്ലാസുകളിൽ എത്തിയത്. വരും ദിവസങ്ങളിൽ മറ്റു കുട്ടികളുടെ ക്ലാസുകൾ നടക്കും.
ആദ്യദിവസങ്ങളിലെ ക്ലാസുകൾക്ക് ശേഷം ബ്ലോക്ക് അടിസ്ഥാനത്തിൽ എം.എൽ.എമാരുടെ നേതൃത്വത്തിൽ വിലയിരുത്തൽ നടത്തിയ ശേഷമാകും ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുക. പി.ടി.എ, ജനപ്രതിനിധികൾ, അദ്ധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സ്‌കൂളുകളിൽ കൊവിഡ് സെല്ലുകൾ രൂപീകരിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങിയാണ് വിദ്യാർത്ഥികളെ സ്‌കൂളുകളിൽ പ്രവേശിപ്പിച്ചത്.
അണുവിട തെറ്റാതെ സുരക്ഷ
സ്‌കൂൾ കവാടത്തിൽ തന്നെ വിദ്യാർത്ഥികൾക്കായി സാനിറ്റൈസറും ശരീര ഊഷ്മാവ് അളക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. മുന്നൊരുക്കങ്ങളും ഏകോപനമികവും മൂലം വളരെ കൃത്യതയോടെയാണ് ക്ലാസുകൾ നടന്നത്.
വിദ്യാർത്ഥികൾക്കെല്ലാം ബോധവത്കരണം നൽകിയ ശേഷമാണ് ക്ലാസ് മുറികളിലേക്ക് അയച്ചത്. ക്ലാസ് മുറികളിലും നിബന്ധനകൾ ഉണ്ടായിരുന്നു.
ആശങ്ക ഒട്ടുമില്ല
നിലവിൽ സ്‌കൂളിൽ അത്യന്തം സുരക്ഷിതമായി പി.എസ്.സി. പരീക്ഷകൾ നടക്കുന്നതിനാൽ ക്ലാസുകൾ വീണ്ടും ആരംഭിക്കുമ്പോൾ ആശങ്കകൾ ഒന്നുമില്ല. കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതോടൊപ്പം വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്. ആദ്യ ദിനങ്ങളിൽ 30 പേരും പിന്നീടുള്ള ഘട്ടത്തിൽ 20 പിന്നീട് 50 എന്നിങ്ങനെയാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. വരും ദിവസങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മറ്റു നടപടികൾ ഉണ്ടാവും.
ലതിക പണിക്കർ,പ്രിൻസിപ്പൽ, എറണാകുളം ഗേൾസ് ഹൈസ്‌കൂൾ
കൂട്ടുകാരെ കണ്ടതിൽ സന്തോഷം
പത്തു മാസത്തിന് ശേഷം സ്‌കൂളുകളിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ട്. മാസ്‌ക് വച്ചു വരുന്നതൊക്കെ ആദ്യമാണ്. 10 മാസത്തിന് ശേഷമാണ് സുഹൃത്തുക്കളെ കാണുന്നത്. സാമൂഹ്യ അകലം പാലിക്കണമെന്ന നിർദ്ദേശമുള്ളതിനാൽ കൂട്ടൂകാരുമായി തൊട്ടടുത്തിരുന്നു സംസാരിക്കാൻ സാധിക്കുന്നില്ലെന്നത് സങ്കടമാണ്.
അധീന,പത്താം ക്ലാസ് വിദ്യാർത്ഥിനി,എറണാകുളം ഗേൾസ് ഹൈസ്‌കൂൾ