പറവൂർ: മത്സ്യബന്ധനത്തിന് കൊണ്ടുപോയി കുളച്ചൽ തൊഴിലാളികൾ തട്ടിയെടുത്ത ബോട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും വീണ്ടെടുക്കാൻ കഴിയാതെ ഉടമകൾ നട്ടംതിരിയുന്നു. വടക്കേക്കര പട്ടണം സ്വദേശിയായ ആന്റണിയും രണ്ട് സുഹൃത്തുക്കളും ചേർന്ന് ഒന്നരക്കോടി രൂപ ചെലവഴിച്ചു ഒരുവർഷം മുമ്പ് നിർമിച്ചതാണ് 104 അടി വലിപ്പമുള്ള ബോട്ട്.
കഴിഞ്ഞ സെപ്റ്റംബർ 24നാണ് മത്സ്യബന്ധനത്തിനായി കുഞ്ഞിത്തൈയിലെ കടവിൽനിന്നും പുറപ്പെട്ടത്. കൊവിഡ് മാനദണ്ഡ പ്രകാരം അഞ്ചുദിവസം കഴിഞ്ഞു തിരിച്ചുവരേണ്ട ബോട്ടിൽ 450 ഐസ് ബോക്സും 6000 ലിറ്റർ ഡീസലും ആവശ്യമായ ആഹാരസാധനങ്ങളും ഉണ്ടായിരുന്നു. ബോട്ടിലുണ്ടായിരുന്ന പന്ത്രണ്ട് തൊഴിലാളികളും കുളച്ചൽ സ്വദേശികളാണ്. കുളച്ചലിൽനിന്നുവന്ന ഇവരെ 14 ദിവസം നിരീക്ഷണത്തിൽ ഇരുത്തിയതിനുശേഷം പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും അനുമതി വാങ്ങിയാണ് ബോട്ടിൽ അയച്ചത്. അഞ്ചു ദിവസം കഴിഞ്ഞു ബോട്ട് വരാതെ വിഷമിച്ചിരിക്കുമ്പോൾ എട്ടാംദിവസം ബോട്ടിൽ നിന്നും വിളിച്ച് കാലാവസ്ഥ മോശമായതിനാൽ കുളച്ചലിൽ അടുക്കുകയാണെന്ന് പറഞ്ഞത് ഉടമകൾ വിശ്വസിച്ചു. അടുത്തതവണ നാട്ടിലേക്ക് വരണമെന്ന് പറഞ്ഞപ്പോൾ സമ്മതിക്കുകയും ചെയ്തു. എന്നാൽ രണ്ടാമതും ചരക്കുമായി കുളച്ചലിൽതന്നെ അടുക്കുകയായിരുന്നു.തുടർന്ന് പൊലീസിൽ പരാതിപ്പെട്ടപ്പോൾ തൊഴിലാളികളുമായി ഫോണിൽ സംസാരിച്ചു. തങ്ങൾക്ക് ബോട്ട് ഉടമകൾ പണം തരാനുണ്ടെന്നും അതാണ് ബോട്ടുമായി പോരാൻ കാരണമെന്നുമാണ് തൊഴിലാളികൾ പറഞ്ഞത്. പണം വാങ്ങിത്തരാം, ബോട്ടുമായി തിരിച്ചുവരാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അവർ തിരിച്ചുവന്നില്ല.
നേരത്തെ ജോലിചെയ്തത് സംബന്ധിച്ചു ചില കണക്കുകൾ പറയാനുണ്ടെന്നും തൊഴിലാളികൾ അവകാശപ്പെടുന്നത്ര പണം നൽകാനില്ലെന്നുമാണ് ഉടമകൾ പറയുന്നത്. ഉടമകൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ ബോട്ട് പിടിച്ചുകൊണ്ടുവരാൻ പൊലീസിന് നിർദേശം നൽകി. വടക്കേക്കര പൊലീസ് കുളച്ചലിൽ എത്തിയെങ്കിലും തൊഴിലാളികൾ സംഘടിച്ചതോടെ പൊലീസിന് തിരിച്ചുപോരേണ്ടിവന്നു. കുളച്ചൽ പൊലീസിന്റെ സഹായം ലഭിച്ചതുമില്ല. ഒന്നരലക്ഷത്തോളം രൂപ പ്രതിമാസം ബാങ്കിൽ പലിശ അടക്കാൻ പോലും കഴിയാതെ വിഷമിക്കുകയാണെന്ന് ഉടമകൾ പറയുന്നു