കിഴക്കമ്പലം: രാത്രി മാത്രം തോട്ടിലെ വെള്ളത്തിനു പച്ച നിറം. മങ്കുഴി കടമ്പ്രയാർ തോട്ടിലൊഴുക്കുന്നത് രാസമാലിന്യമോ ? ഈ തോട്ടിൽ രാത്രിയുടെ മറവിൽ മാലിന്യമൊഴുക്കുന്നവരെ കണ്ടെത്താണമെന്നാവശ്യപ്പെട്ട് കാരുകുളം നിവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കാരുകുളം തൃക്ക പാടശേഖരത്തിനു സമീപത്തുകൂടി ഒഴുകുന്ന തോട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹികവിരുദ്ധർ രാസമാലിന്യം ഒഴുക്കിയതായി ശ്രദ്ധയിൽപ്പെട്ടത്. തോട്ടിൽ ഏകദേശം മൂന്നു കിലോമീറ്റർ ദൂരത്തിൽ വരെ രാസമാലിന്യത്തിന്റെ സാന്നിദ്ധ്യം ദൃശ്യമാണ്. കടുത്ത കറുപ്പും പച്ചയും കലർന്ന നിറമാണ് വെള്ളത്തിന്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തോട്ടിലേക്ക് രാസമാലിന്യം ഒഴുക്കിയതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തോട്ടിൽ നിന്നുള്ള അസഹനീയമായ ദുർഗന്ധം അന്വേഷിച്ചെത്തിയ സമീപവാസികളാണ് തോട്ടിൽ മാലിന്യം കലർന്നതായി കണ്ടെത്തിയത്. വെള്ളത്തിൽ ഇറങ്ങിയാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതായും നാട്ടുകാർ പറഞ്ഞു. ഒരു പ്രദേശത്തെ കൃഷിയാവശ്യത്തിനും കുടിവെള്ളത്തിനുമായി ആശ്രയിക്കുന്ന തോടാണിത്.
സമീപത്തെ കിണറുകളിൽ മാലിന്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു. ഇതിനുമുമ്പ് പല തവണ ഇത്തരത്തിൽ മാലിന്യം ഈ തോട്ടിലേക്ക് ഒഴുക്കിയിട്ടുണ്ട്. എന്നാൽ, ഇതിനെതിരേ പരാതി കൊടുത്തതിനുശേഷം ബന്ധപ്പെട്ട വകുപ്പ് അധികൃതർ അന്വേഷണം നടത്തിയെങ്കിലും മാലിന്യത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. എന്നാൽ, പിന്നീട് നാളുകളോളം ഇത്തരത്തിൽ മാലിന്യം ഒഴുക്കിയിരുന്നില്ല. ഇതിനുശേഷം കഴിഞ്ഞ ദിവസമാണ് വീണ്ടും മാലിന്യം ഒഴുക്കിയിരിക്കുന്നതായി കണ്ടെത്തിയത്.
പരിശോധന നടത്തി
തോടിനു സമീപത്തായി ഒന്നിലേറെ പ്ലൈവുഡ് കമ്പനികൾ സ്ഥിതിചെയ്യുന്നുണ്ടെങ്കിലും അവിടങ്ങളിൽനിന്ന് ഇത്തരത്തിലുള്ള മാലിന്യം തള്ളിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിലും പഞ്ചായത്തിലും പൊലീസിലും നൽകിയ പരാതിയെത്തുടർന്ന് മലിനീകരണ നിയന്ത്റണ ബോർഡും ആരോഗ്യവകുപ്പും പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചു.
മാലിന്യം തള്ളുന്ന സംഘത്തെ സംശയമുണ്ട്
വലിയ കമ്പനികളിൽ നിന്നും പുറന്തള്ളുന്ന മാലിന്യം ശേഖരിച്ച് ടാങ്കറുകളിലെത്തിച്ച് കുടിവെള്ള സ്രോതസുകളിൽ ഉൾപ്പടെ തള്ളുന്ന സംഘം മേഖലയിൽ പ്രവർത്തിക്കുന്നതായി സംശയമുണ്ട്. നേരത്തെ കുമ്മനോട് മാന്ത്രയ്ക്കയിൽ ക്ഷേത്രത്തിനു സമീപം ഇത്തരത്തിൽ രാസമാലിന്യം പാടശേഖരത്തു തള്ളിയ സംഭവമുണ്ടായിരുന്നു.
കൃഷ്ണകുമാർ, പ്രദേശവാസി.