vellam
കിഴക്കേക്കരയിലെ കുടിവെള്ളത്തിനു ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി വാർഡ് കൗൺസിലർ അജി മുണ്ടാടൻ ഉദ്യോഗസ്ഥരുമായി ചർച്ചചെയ്യുന്നു

മൂവാറ്റുപുഴ: കുടിവെള്ളത്തിനു കടുത്ത ക്ഷാമം നേരിടുന്ന കിഴക്കേക്കരയിലെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കാൻ നടപടികൾ തുടങ്ങി. മൂവാറ്റുപുഴ നഗരസഭാ 11 ാം വാർഡ് കൗൺസിലർ അജി മുണ്ടാടന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതികൾക്കുള്ള ശ്രമങ്ങൾ തുടങ്ങിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ വാഹനത്തിൽ വെള്ളം എത്തിച്ചായിരുന്നു വെള്ളക്ഷാമത്തിന് പരിഹാരം കണ്ടത്. വെള്ളം കിട്ടാത്ത വീടുകളിൽ എല്ലാ ദിവസവും ടാങ്കറിൽ കുടിവെള്ളം എത്തിക്കും. നല്ല ചിലവ് വരുന്ന ഈ നടപടി ഏറെക്കാലം തുടരനാവില്ല. അതിനാൽ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്ന് അജി മുണ്ടാൻ പറഞ്ഞു. എം.എൽ.എ., എം.പി. ഫണ്ടുകളും മറ്റ് സർക്കാർ സർക്കാരേതര സഹായങ്ങളും ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടത്തുമെന്ന് കൗൺസിലർ അജി മുണ്ടാടൻ പറഞ്ഞു.ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, നഗരസഭാ എൻജിനീയർ എന്നിവർ കൗൺസിലറുടെ നേതൃത്വത്തിൽ കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങൾ സന്ദർശിച്ചു.

ശാശ്വത പരിഹാരം കാണും

പുഴയിൽ നിന്ന് വെള്ളം എത്തിച്ച് ശുദ്ധീകരിച്ച് നിലവിലുള്ള വിതരണ കുഴലുകൾ വഴി ജനങ്ങൾക്കെത്തിക്കാനാവുന്നതും താരതമ്യേന നടപ്പാക്കാൻ കഴിയുന്നതും ചിലവ് കുറഞ്ഞതുമായ പദ്ധതികളാണ് ആലോചിക്കുന്നത്. കുടിവെള്ള ക്ഷാമമുള്ള മൂന്ന് പ്രദേസങ്ങളിലേക്കും വെള്ളം ഒഴുകിയെത്താൻ സാധിക്കുന്ന സ്ഥലം കണ്ടെത്തി സംഭരണി സ്ഥാപിക്കണം. ഇതിനുള്ള ഉയര പരിശോധനയും തുടങ്ങി. ഇതിനായി കാലടിയിൽ നിന്ന് വിദഗ്ദ്ധനെ എത്തിച്ച് റിപ്പോർട്ട് ജല അതോറിറ്റിക്ക് നല്കും. വരുന്ന വേനൽക്കാലത്ത് കഴിയുന്നത്ര വെള്ളം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.