തൃക്കാക്കര: ക്രിസ്മസ്‌കാല വിപണിയിൽ ക്രമക്കേടുകളും നിയമലംഘനങ്ങളും തടയുന്നതിന് ലീഗൽ മെട്രോളജി വകുപ്പ് എറണാകുളം, തൃശൂർ , പാലക്കാട്, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന മദ്ധ്യമേഖലയിലെ വിവിധ താലൂക്കുകളിൽ നടത്തിയ മിന്നൽ പരിശോധനകളിൽ 111 നിയമലംഘനങ്ങൾ കണ്ടെത്തിയതായി മദ്ധ്യമേഖല ജോയിന്റ് കൺട്രോളർ കെ.സി. ജീസൺ അറിയിച്ചു. വിവിധ ജില്ലകളിലെ ക്രിസ്മസ് ചന്തകൾ പഴം പച്ചക്കറിക്കടകൾ, റേഷൻ കടകൾ, മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചും 548 വ്യാപാര സ്ഥാപനങ്ങളിൽ 20 മുതൽ 24 വരെ ആയിരുന്നു പരിശോധന.
അളവുതൂക്ക ഉപകരണങ്ങൾ യഥാസമയം മുദ്ര പതിപ്പിക്കാതെ ഉപയോഗിച്ചതിനും സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കാത്തതിനുമായി 48 കേസുകൾ രജിസ്റ്റർ ചെയ്തു. മത്സ്യമാംസ വ്യാപാര സ്ഥാപനങ്ങളും ഇതിൽപ്പെടുന്നു. അളവിലും തൂക്കത്തിലും കുറച്ച് വില്പന നടത്തിയതിന് അഞ്ച് കച്ചവട സ്ഥാപനങ്ങൾക്കെതിരെയും നിയമനടപടികളെടുത്തു. പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂൾ പ്രകാരമുളള പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താത്ത പായ്ക്കറ്റുകളിൽ കേക്കുകളും മറ്റു ഭക്ഷ്യസാധനങ്ങളും വില്പനയ്ക്ക് വയ്ക്കുക. അളവിൽ വെട്ടിപ്പു നടത്തുക, അമിതവില ഈടാക്കുക, വിലതിരുത്തി വില്പന നടത്തുക, നിയമാനുസൃത പായ്ക്കർ രജിസ്‌ട്രേഷൻ നടത്താതിരിക്കുക എന്നിവ ഉൾപ്പെടെയുളള മറ്റു നിയമ ലംഘനങ്ങൾ നടത്തിയതിന് 58 വ്യാപാരികൾക്കെതിരെയും കേസെടുത്തു.

മിന്നൽ പരിശോധനകൾക്ക് ജില്ലയിൽ സി. ഷാമോൻ, സുജ ജോസഫ്.കെ, ബി.ഐ സൈലാസ്, തൃശൂർ ജില്ലയിൽ കെ.സി.ചാന്ദിനി, സേവ്യർ പി ഇഗ്‌നേഷ്യസ്, പാലക്കാട് ജില്ലയിൽ അനൂപ് വി ഉമേഷ്, സ.വി. ഈശ്വരൻ ഇടുക്കി ജില്ലയിൽ പി.എസ്.പ്രദീപ്, കെ.ആർ.വിപിൻ എന്നീ ഡെപ്യൂട്ടി കൺട്രോളർമാർ നേതൃത്വം നൽകി.