കൊച്ചി: ഫോർട്ടുകൊച്ചി - വൈപ്പിൻ റൂട്ടിലെ റോ റോ ജങ്കാർ സർവീസ് കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മേയർ അഡ്വ.എം.അനിൽകുമാർ അറിയിച്ചു. ഇതിനായി ബന്ധപ്പെട്ടവരുടെ യോഗം ഉടൻ വിളിച്ചുചേർക്കുമെന്ന് വൈപ്പിൻ ജനകീയ കൂട്ടായ്മ ഭാരവാഹികൾക്ക് മേയർ ഉറപ്പുനൽകി.
നിലവിലുള്ള രണ്ട് റോ റോ ജങ്കാറുകൾക്ക് പുറമെ ഒരെണ്ണം കൂടി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുക, സർവീസ് 24 മണിക്കൂറായി വർദ്ധിപ്പിക്കുക, പത്തു മിനിറ്റ് ഇടവിട്ട് സർവീസ് നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചെയർമാൻ അഡ്വ. മജ്നു കോമത്ത്, കൺവീനർ ജോണി വൈപ്പിൻ എന്നിവർ മേയർക്കും ഡെപ്യൂട്ടി മേയർ കെ.എ. അൻസിയക്കും നിവേദനം നൽകി.
നിലവിലുള്ള ജങ്കാറുകൾക്ക് യന്ത്രത്തകരാർ സംഭവിക്കുകയോ അറ്റകുറ്റപ്പണികൾക്ക് ഡോക്കിൽ കയറ്റുകയോ ചെയ്യുമ്പോൾ സർവീസ് തടസപ്പെടാതിരിക്കണമെങ്കിൽ കരുതലായി ഒരു ജങ്കാർ ആവശ്യമാണെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. 40 വർഷം മുമ്പ് ഇതേ റൂട്ടിൽ ജങ്കാർ സർവീസ് ആരംഭിച്ചപ്പോൾ ഒരു സ്പെയർ ഉൾപ്പെടെ മൂന്നെണ്ണം ഉണ്ടായിരുന്ന കാര്യം അഡ്വ. മജ്നു കോമത്ത് ഓർമ്മിപ്പിച്ചു. ഒരു ജങ്കാർ കൂടി നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
രാവിലെ 6 മുതൽ രാത്രി 10 വരെ പത്തു മിനിറ്റ് ഇടവിട്ടും രാത്രി പത്തുമുതൽ രാവിലെ ആറുവരെ 20 മിനിറ്റ് ഇടവിട്ടും റോ റോ സർവീസ് നടത്തണമെന്നാണ് മറ്റൊരു ആവശ്യം.
റോ റോയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് സർവീസ് നടത്തിപ്പുകാരായ കെ.എസ്.ഐ.എൻ.സി ( കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ) അധികൃതർ, കോർപ്പറേഷൻ ഉദ്യോഗസ്ഥർ, എന്നിവരുടെ യോഗം അടിയന്തരമായി വിളിച്ചുചേർക്കുമെന്ന് മേയർ പറഞ്ഞു.