ആലുവ: ആലുവ നഗരസഭയിൽ പുതിയ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷർക്കായുള്ള ഓഫീസ് മുറികളിൽ സമഗ്രമായ മാറ്റമുണ്ടാകും. നഗരസഭ കെട്ടിടത്തോട് ചേന്നുള്ള കുടുംബശ്രീ കെട്ടിടത്തിലേക്ക് സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ ഓഫീസ് മാറ്റുന്നതിനാണ് ആലോചന. ഇതിന്റെ ഭാഗമായി ഇന്നലെ ചെയർമാൻ എം.ഒ. ജോണിന്റെ നേതൃത്വത്തിൽ സ്ഥലപരിശോധന നടന്നു.
കഴിഞ്ഞ ഭരണസമിതിയിലെ വൈസ് ചെയർപേഴ്‌സൻ ഉപയോഗിച്ചിരുന്ന ഒന്നാംനിലയിലെ മുറി മാറ്റി അവിടെ നേരത്തെയുണ്ടായിരുന്ന സന്ദർശകരുടെ ഇരിപ്പിടം അനുവദിക്കും. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ഉപയോഗിച്ചിരുന്ന മുറി വൈസ് ചെയർപേഴ്‌സണ് അനുവദിക്കും. ഇല്ലാതായ മുറിക്ക് പകരം കുടുംബശ്രീ പ്രവർത്തിക്കുന്ന അനക്‌സ് കെട്ടിടത്തിൽ നിന്ന് മുറി നോക്കിയെങ്കിലും നടന്നില്ല.കുടുംബശ്രീയോട് തൊട്ടുചേർന്ന് പ്രവർത്തിക്കുന്ന ഫോട്ടോസ്റ്റാറ്റ്, ഡി.ടി.പി കേന്ദ്രം മാറ്റി സ്ഥാപിക്കാനാണ് ഇപ്പോഴത്തെ ധാരണ. ഡി.ടി.പി കേന്ദ്രം താഴത്തെ പഴയ അക്ഷയകേന്ദ്രം പ്രവർത്തിച്ചിരുന്നിടത്തേക്ക് മാറ്റും. കുടുംബശ്രീ അനക്‌സ് കെട്ടിടം നിർമ്മിച്ചത് കുടുംബക്ഷേമ വകുപ്പിൻെറയും നഗരസഭയുടേയും ഫണ്ട് ഉപയോഗിച്ചാണ്. വൈസ് ചെയർമാന് ഒരു മുറി അന്ന് അനുവദിച്ചിരുന്നതുമാണ്. എന്നാൽ ഇടനാഴിയിൽ കാബിൻ നിർമ്മിച്ച് മാറുകയായിരുന്നു. വൈസ് ചെയർമാന് അനുവദിച്ച മുറിയിലാണ് ഫോട്ടോസ്റ്റാറ്റ്, ഡിടിപി കേന്ദ്രം പ്രവർത്തിക്കുന്നത്.