കോതമംഗലം: പൈമറ്റം - മണിക്കിണർ റോഡിനേയും മുവാറ്റുപുഴ -ഊന്നുകൽ റോഡിനേയും ബന്ധിപ്പിക്കുന്ന പല്ലാരിമംഗലം മണിക്കിണർ പാലത്തിന് 9.28 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം.എൽ.എ പറഞ്ഞു. നിലവിലുള്ള പാലം വീതി കുറഞ്ഞതും ഏറെ കാലപ്പഴക്കം ചെന്നതും മഴക്കാലമായാൽ പാലത്തിന് മുകളിൽ വെള്ളം കയറുന്നതുമാണ്. ഇവിടെ പുതിയ പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ഏറെക്കാലത്തെ ആഗ്രഹമാണ് സഫലമാകുന്നത്. പുഴയ്ക്ക് കുറുകെ രണ്ട് സ്പാനോടു കുടി 51 മീറ്റർ നീളവും 11.05 മീറ്റർ വീതിയും ഉള്ള രണ്ട് വരി ഗതാഗതത്തിന് ഉതകുന്ന തരത്തിൽ ഫുട്പാത്തോടുകൂടിയാണ് പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ അതിർത്തി നിശ്ചയിക്കുന്നതിനും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തികൾ ആരംഭിച്ചതായും സങ്കേതിക അനുമതി ലഭിച്ചാൽ ഉടൻ ടെണ്ടർ നടപടികൾ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.