hc

കൊച്ചി : യഥാർത്ഥ ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെൻഷൻ അക്കൗണ്ടിലേക്ക് സ്ഥിരമായി പണം അടയ്ക്കാതെ കുടിശ്ശികത്തുക പിന്നീട് ഒരുമിച്ച് അടയ്ക്കുന്നവർക്ക് ഉയർന്ന പെൻഷന് അവകാശമുണ്ടെന്ന നിയമ തർക്കം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫുൾബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു.

കുടിശ്ശികത്തുക ഒരുമിച്ച് സ്വീകരിക്കുന്നില്ലെന്നാരോപിച്ച് ,വിരമിച്ച ഒരുകൂട്ടം ജീവനക്കാർ നൽകിയ ഹർജിയിൽ പണം സ്വീകരിക്കാൻ സിംഗിൾ ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. പി.എഫ് അധികൃതർ ഇതിനെതിരെ നൽകിയ അപ്പീലുകളാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. യഥാർത്ഥ ശമ്പളത്തിന് ആനുപാതികമായി പണം അടയ്ക്കാത്തവർക്കും കുടിശ്ശിക ഒരുമിച്ചടച്ചാൽ ഉയർന്ന പെൻഷന് അർഹതയുണ്ടെന്ന് 2014ൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഒരുമിച്ച് തുകയടച്ച് ഉയർന്ന പെൻഷന് അർഹത നേടുന്നത് പി.എഫ് സ്കീമിനു വിരുദ്ധമാണെന്നും ഇങ്ങനെ അനുമതി നൽകിയത് പുന:പരിശോധിക്കേണ്ടതാണെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഹൈക്കോടതി

പറയുന്നു

വർഷങ്ങളായി ജീവനക്കാരിൽ നിന്ന് പിരിക്കുന്ന വിഹിതം കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം വിവിധ തരത്തിൽ നിക്ഷേപിക്കുന്നതിലൂടെയുള്ള ഫണ്ട് വളർച്ചയിൽ നിന്നാണ് പെൻഷൻ നൽകുന്നത്. പി.എഫ് തുക സ്ഥിരമായി അടയ്ക്കുന്നതിലൂടെ ഫണ്ട് വളർച്ചയ്ക്ക് സഹായിച്ച ജീവനക്കാരെയും വിരമിച്ചതിനു ശേഷമോ ഇതിനു തൊട്ടുമുമ്പോ കുടിശ്ശിക ഒരുമിച്ച് അടച്ചവരെയും ഒരുപോലെ കാണാനാവില്ല. ഉയർന്ന പെൻഷനുള്ള കുടിശ്ശിക ഒരുമിച്ച് അടച്ച് അർഹത നേടുന്നത് കോർപ്പസ് ഫണ്ട് ശോഷിപ്പിക്കും. ഇത് ആയിരക്കണക്കിന് ജീവനക്കാരെ ബാധിക്കുന്ന വിഷയമാണ്.

പി.എഫ്. പെൻഷൻ കണക്കാക്കുന്നതിനുള്ള പരമാവധി ശമ്പളം 6,500 രൂപയെന്നത് 15,000 രൂപയാക്കി പുതുക്കിയിട്ടുണ്ടെങ്കിലും ഇതും അപര്യാപ്തമാണ്. ഫണ്ടിന്റെ ലഭ്യതയടക്കം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ പുന:പരിശോധിക്കണം. ഹൈക്കോടതി നിർദ്ദേശങ്ങൾക്കെതിരെ പി.എഫ് അധികൃതർ സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. റിവ്യു ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എങ്കിലും ഇൗ നിയമപ്രശ്നം ഫുൾബെഞ്ച് പരിശോധിക്കുന്നതിന് തടസമില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.