octane

കൊച്ചി: ഇന്ത്യയുടെ പ്രഥമ 100 ഒക്‌ടേൻ പ്രീമിയം പെട്രോൾ എക്‌സ്.പി. 100 കേരളത്തിൽ വിപണിയിലെത്തി. വൈറ്റില സഹോദരൻ അയ്യപ്പൻ റോഡിലെ കോകോ റീട്ടെയിൽ ഔട്ട്ലെറ്റിൽ ഇന്ത്യൻ ഓയിൽ ചീഫ് ജനറൽ മാനേജരും സംസ്ഥാന തലവനുമായ വി.സി. അശോകനാണ് പെട്രോൾ അവതരിപ്പിച്ചത്.

ഡോ. ബോബി ചെമ്മണൂർ, ചലച്ചിത്രതാരം സംയുക്ത മേനോൻ എന്നിവരും പങ്കെടുത്തു. ഇന്ത്യയിലെ പെട്രോളിയം ചില്ലറവിപണിയിൽ സ്വാധീനം ചെലുത്താൻ പോകുന്ന ലോകോത്തര പ്രീമിയം ഗ്രേഡ് പെട്രോൾ (100 ഒക്‌ടേൻ) കൊച്ചിയുൾപ്പെടെ 15 നഗരങ്ങളിൽ ലഭിക്കും. കൊച്ചിയിൽ വൈറ്റില സഹോദരൻ അയ്യപ്പൻ റോഡ്, തേവര പണ്ഡിറ്റ് കറുപ്പൻ റോഡ് എന്നിവിടങ്ങളിലെ കോകോ പമ്പുകളിൽ പുതിയ പെട്രോൾ ലഭ്യമാണ്.

അൾട്രാ പ്രീമിയം പെട്രോൾ ആഡംബര വാഹനങ്ങൾക്ക് ഊർജം പകരുകയും പ്രകടനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും. ഇന്ത്യൻ ഓയിൽ ഗവേഷണ വിഭാഗം ആഭ്യന്തരമായി വികസിപ്പച്ച ഒക്ടോമാക്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ച് മഥുര റിഫൈനറിയിലാണ് എക്‌സ്.പി. 100 നിർമ്മിക്കുന്നത്.

പരിസ്ഥിതിസൗഹൃദ ഇന്ധനമാണിത്. പുക പുറംതള്ളൽ കുറവുമാണ്. ആധുനിക സാങ്കേതികവിദ്യയോടുകൂടിയ ആഡംബര വാഹനങ്ങൾക്ക് 100 ഒക്ടേൻ പെട്രോളിന്റെ കരുത്തുറ്റ ആനുകൂല്യങ്ങളാണ് ലഭിക്കുക. ആഗോളതലത്തിൽ ജർമ്മനിയും അമേരിക്കയും ഉൾപ്പെടെ ആറു രാജ്യങ്ങളിൽ മാത്രമാണ് 100 ഒക്‌ടേൻ പെട്രോൾ ലഭിക്കുന്നത്.