കിഴക്കമ്പലം: പുതുവർഷ തലേന്നുണ്ടായ മഴയിലും കാറ്റിലും കിഴക്കമ്പലം മേഖലയിൽ വ്യാപകമായി കാർഷിക വിളകൾ നശിച്ചു. ഉച്ചയ്ക്ക് 2.30 ഓടെ ശക്തമായ കാറ്റോടെയാണ് മഴ തുടങ്ങിയത്. മൂന്നു മണിക്കൂറോളം നിർത്താതെ പെയ്ത മഴക്കിടയിലാണ് നാശ നഷ്ടമുണ്ടായത്. ഊരക്കാട്, പെറ്റമോളം, പുക്കാട്ടുപടി മേഖലയിലാണ് ശക്തമായ കാറ്റു വീശിയത്. വത്സാലയത്തിൽ വത്സയുടെ വിളവെടുക്കാറായ 40 ഏത്തവാഴ, കളപ്പുരയ്ക്കൽ സത്യന്റെ 20 വാഴ, വി.കെ മുഹമ്മദിന്റെ വാഴത്തോട്ടം പൂർണമായും നശിച്ചു.
മാടപ്പിള്ളി കുര്യാക്കോസിന്റെ പറമ്പിലെ മുഴുവൻ കപ്പയും മറിഞ്ഞു.താമരച്ചാൽ പി.ഡി വർഗീസിന്റെ 100 ലധികം വാഴകൾ മറിഞ്ഞു വീണു. കർഷകർ പാട്ടത്തിനെടുത്താണ് ഇവിടെ കൃഷിയിറക്കിയിരുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്.