photo
മുനമ്പം പൊലീസ് ശേഖരിച്ച സ്‌പോർട്‌സ് ഉപകരണങ്ങൾ ജസ്റ്റിസ് കെ.കെ ദിനേശൻ കുട്ടികൾക്ക് കൈമാറുന്നു

വൈപ്പിൻ: ക്രമസമാധാനപാലനത്തിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മാത്രം ഒതുങ്ങുന്നില്ല മുനമ്പം പൊലീസ്. കുട്ടികളേയും യുവാക്കളേയും കളികളത്തിൽ ഇറക്കാൻ പൊലീസുണ്ട്. കൊവിഡ് മഹാമാരി നാടിനെ പിടിച്ചുകുലുക്കിയ നാളുകളിൽ ജനം കൂട്ടം കൂടി നിന്നിടതൊക്കെ പാഞ്ഞെത്തി അവരെ പിരിച്ചുവിടുകയായിരുന്നുവല്ലോ അന്നാളുകളിൽ പൊലീസിന്റെ ജോലി. അക്കൂട്ടത്തിൽ കുട്ടികളും യുവാക്കളും കൂട്ടം ചേർന്ന് കളിക്കുന്നിടങ്ങളിലും പൊലീസെത്തി കളിസമ്മാനങ്ങൾ പിടിച്ചെടുത്തു. നിരാശരായ പിള്ളേർക്ക് മുനമ്പത്തെ പൊലീസുകാർ വാക്ക് നൽകി. കൊവിഡിന് ശമനം ഉണ്ടാകുമ്പോൾ പിടിച്ചെടുത്തതെല്ലാം തിരിച്ചു നല്കാം, മാത്രമല്ല, കളിക്കാൻ കൂടുതൽ കളി ഉപകരണങ്ങളും തരാം.

കൊവിഡിന് ശമനം ഉണ്ടായി തുടങ്ങിയപ്പോൾ പറഞ്ഞ വാക്ക് പാലിക്കാൻ പൊലീസ് തയ്യാറായി. നാട്ടിലെ സൻമനസുള്ളവരെ കണ്ടെത്തി കളി ഉപകരണങ്ങൾ അവരിൽ നിന്ന് ശേഖരിച്ചു. കളിക്കാനുള്ള സ്ഥലങ്ങളും കണ്ടെത്തി. വോളിബാൾ, ഫുട്‌ബാൾ, ക്രിക്കറ്റ്, ക്യാരംസ്, ചെസ് തുടങ്ങിയവയുടെ കളിക്കളങ്ങളാണ് പൊലീസ് ഒരുക്കുന്നത്.

യൂത്ത് ഫോർ സ്‌പോർട്‌സ്

അലസമായ സാഹചര്യങ്ങളിൽ വഴി തെറ്റി പോകുന്ന യുവതലമുറയെ ആരോഗ്യപരമായ പ്രവർത്തങ്ങളിലേക്ക് ആകർഷിച്ച് അവരെ നേർവഴിക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുനമ്പം പൊലീസ് യൂത്ത് ഫോർ സ്‌പോർട്‌സ് പദ്ധതി തയ്യാറാക്കിയത്.

പൊലീസിന്റെ അഭ്യർത്ഥന മാനിച്ച് വ്യക്തികളും സംഘടനകളും ഇതിനകം നൽകിയ സ്‌പോർട്‌സ് ഉപകരണങ്ങൾ ഇന്നലെ വൈകീട്ട് മുനമ്പം പൊലീസ് സ്റ്റേഷനിൽ വെച്ച് ജസ്റ്റിസ് കെ കെ ദിനേശൻ കൈമാറി. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ , കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് നിബിൻ , മുനമ്പം എസ് ഐ എ. കെ . സുധീർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ രണ്ട് ക്ലബുകൾക്കാണ് ഉപകരണങ്ങൾ കൈമാറിയത്.തുടർന്ന് ഓരോ സ്ഥലത്തും വിതരണം നടത്തേണ്ടവ അതാത് ഇടങ്ങളിൽ എത്തിച്ചു നൽകും.