കൊച്ചി: പുതുക്കലവട്ടത്ത് പുതുവത്സര രാത്രിയിൽ വീട് കുത്തിത്തുറന്ന് 11.11 ലക്ഷം രൂപയു‌ടെ സ്വർണാഭരണങ്ങൾ കവർന്നു. പൊതുമരാമത്തുവകുപ്പ്‌ ഇലക്ട്രിക്കൽ കരാറുകാരനായ പ്ലാസിഡി​ന്റെ വീട്ടിലായിരുന്നു മോഷണം. പിൻവാതിൽ പൊളിച്ച് അകത്തുകയറിയാണ്‌ അലമാരയിൽനിന്ന്‌ സ്വർണം കവർന്നത്‌. അലമാരയുടെ പൂട്ട്‌ പൊളിച്ചശേഷം അകത്തുനിന്ന് താക്കോൽ കണ്ടെത്തി ലോക്കർ തുറക്കുകയായിരുന്നു.
സഹോദരന്റെ മകളുടെ വിവാഹത്തിന് വീട്ടുടമയും കുടുംബവും രണ്ടുദിവസമായി ചുള്ളിക്കലിലായിരുന്നു. വീടിന്റെ താക്കോൽ സമീപത്തെ ബന്ധുവിന്റെ പക്കൽ ഏൽപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ അവിടുത്തെ കുട്ടിയാണ്‌ വീടിന്റെ വാതിൽ കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത് കണ്ടത്‌. ഉടനെ വീട്ടുടമയെയും പൊലീസിനെയും വിവരമറിയിച്ചു. ഇവർ നടത്തിയ പരിശോധനയിലാണ്‌ സ്വർണം നഷ്ടമായെന്ന് വ്യക്തമായത്. വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് സി.സി.ടിവിയില്ല. ഇവിടേക്കുള്ള വഴിയിലും മറ്റും രാത്രിയിൽ സംശയാസ്പദമായി കണ്ട ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. സി.ഐ വി.ആർ. സുനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.