കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് ആർട്ട്സ് ആൻഡ് സയൻസ് കോളേജുകളിൽ 721 പുതിയ അദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവായി. പുതുതായി സൃഷ്ടിച്ചവയുൾപ്പടെ എല്ലാ ഒഴിവുകളും മാനേജർമാർക്ക് നികത്താമെന്നും ഉത്തരവിൽ പറയുന്നു.
വിവിധ എയ്ഡഡ് കോളേജുകളിൽ നിയമനം കാത്ത് കഴിയുന്ന അദ്ധ്യാപകർക്ക് ആശ്വാസം പകരുന്നതാണ് ഡിസംബർ 30ന് ഇറക്കിയ ഈ ഉത്തരവ്.
2016-17 കാലത്തിന് മുമ്പ് സർക്കാർ ആർട്ട്സ് ആൻഡ് സയൻസ് കോളേജുകളിൽ പുതിയ നിരവധി കോഴ്സുകൾ അനുവദിച്ചിരുന്നു. പക്ഷേ ഒട്ടേറെ കോളേജുകളിൽ അദ്ധ്യാപക തസ്തികകൾ അനുവദിച്ചിരുന്നില്ല. പുതുതായി തുടങ്ങിയ ആർട്ട്സ് ആൻഡ് സയൻസ് കോളേജുകളിലലും തസ്തികകൾ അനുവദിച്ചില്ല.
യു.ജി.സി ചട്ടങ്ങൾക്ക് അനുസൃതമായി ആഴ്ചയിൽ കുറഞ്ഞത് 16 മണിക്കൂർ അദ്ധ്യയനവും കോളേജ്, യൂണിവേഴ്സിറ്റി അദ്ധ്യാപകർക്ക് സർക്കാർ നിഷ്കർഷിച്ചിരുന്നു.
പിന്നീട് 2020 ജൂൺ ഒന്നിന് മുമ്പ് നിയമിച്ച അദ്ധ്യാപർക്ക് മിനിമം അദ്ധ്യയന സമയത്തിന് ജോലി ലഭ്യമല്ലെങ്കിലും വ്യവസ്ഥകളോടെ തുടരാനും അനുവദിച്ചു. എങ്കിലും ഇവരുടെ വിരമിക്കൽ, രാജി, സ്ഥലം മാറ്റം തുടങ്ങി എന്ത് കാരണത്താലും ഉണ്ടാകുന്ന തസ്തികകൾ അതോടെ ഇല്ലാതാക്കുമെന്നും ഉത്തരവായിരുന്നു.