kannan
വിഷ്ണു എന്ന കണ്ണൻ

കൊച്ചി: നഗരമദ്ധ്യത്തിൽ രാത്രിയിൽ കവർച്ചാശ്രമം തടഞ്ഞ ട്രാൻസ്ജെൻഡറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതി തോപ്പുംപടി രാമേശ്വരം വില്ലേജ് മലർകണ്ടം വീട്ടിൽ വിഷ്ണു എന്ന മൈൻഡ് കണ്ണനെ (28) സെൻട്രൽ പൊലീസ് അറസ്‌റ്രുചെയ്‌തു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30ന് എറണാകുളം ചിറ്റൂർ റോഡിൽ എസ്.ആർ.വി സ്‌കൂളിനടുത്തായിരുന്നു സംഭവം. കൂട്ടുകാരോടൊത്ത് എ.ടി.എം കൗണ്ടറിൽനിന്ന് പണമെടുക്കാൻ എത്തിയ കരിങ്കുന്നം സ്വദേശിനിയായ ട്രാൻസ്‌ജെൻഡറാണ് അക്രമത്തിന് ഇരയായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് തടഞ്ഞുനിർത്തിയത്. കണ്ണൻ ബൈക്കിൽ നിന്നിറങ്ങി ട്രാൻസ്ജെൻഡറിന്റെ കഴുത്തിൽ വാക്കത്തിവച്ച് പണം ആവശ്യപ്പെടുകയായിരുന്നു. വാക്കത്തി തട്ടി മാറ്റി ഓടിയെങ്കിലും പിന്നാലെ ഓടി കണ്ണൻ വീണ്ടും തടഞ്ഞുനിറുത്തി. കൈവശം ഉണ്ടായിരുന്ന ബാഗിൽ നിന്നും മറ്റൊരു കത്തിയെടുത്ത് തുടയിൽ കുത്തുകയായിരുന്നു. തുടർന്ന് നെഞ്ചിൽ കുത്താനുള്ള പ്രതിയുടെ ശ്രമം തടഞ്ഞപ്പോൾ കൈയിൽ ഗുരുതരമായി പരിക്കേറ്റു. തലയിൽ ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗത്തും കത്തികൊണ്ടുള്ള ആക്രമണത്തിൽ മുറിവുകളുണ്ടായി. ആശുപത്രിയിൽ ചികിത്സതേടിയ ട്രാൻസ്ജെൻഡർ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട മറ്റു രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ എസ്. വിജയശങ്കർ, സബ്ഇൻസ്‌പെക്ടർമാരായ വിപിൻ കുമാർ, തോമസ് കെ. എക്‌സ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.