santhosh

 വീട്ടമ്മയെ അസഭ്യം പറഞ്ഞ കേസിലും പ്രതി

കൊച്ചി: ലേഡീസ് ഹോസ്റ്റലിൽനിന്നും മൊബൈൽഫോൺ മോഷ്‌ടിച്ച കേസിൽ അറസ്റ്റുചെയ്തതിന് പിന്നാലെ വീട്ടമ്മയെയും മകളെയും ഫോണിലൂടെ അസഭ്യം പറഞ്ഞ സംഭവത്തിലും കോട്ടയം മീനച്ചിൽ പായ്പാർ കീച്ചേരി വീട്ടിൽ സന്തോഷിനെ (26) എറണാകുളം സെൻട്രൽ പൊലീസ് അറസ്‌റ്റുചെയ്‌തു.

പുതുവത്സരദിവസം രാത്രി ലേഡീസ് ഹോസ്റ്റലിൽ മൊബൈൽ മോഷ്ടിക്കുന്നത് താമസക്കാരിയുടെ ശ്രദ്ധയിൽപ്പെട്ടു. അവർ ഒച്ചവച്ചതോടെ സന്തോഷ് കെട്ടിടത്തിൽ നിന്നും ചാടി രക്ഷപെട്ടു. മതിൽ ചാടി രക്ഷപ്പെടുന്നതിനിടെ പ്രതിയുടെ കൈയിലുണ്ടായിരുന്ന ആധാർകാർഡ് അടക്കമുള്ള രേഖകളടങ്ങിയ പഴ്‌സും മോഷ്ടിച്ചെടുത്ത ഫോണും മറ്റൊരു മൊബൈൽഫോണും സ്ഥലത്തുവീണുപോയി. തുടർന്ന് ഹോസ്റ്റലിലെ താമസക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ രാത്രിതന്നെ പ്രതി പിടിയിലായി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹോസ്റ്റൽ പരിസരത്ത് വീണ ഫോണിൽ നിന്നാണ് കഴിഞ്ഞ ആഴ്ച സെന്റ് ബെനഡിക്ട് റോഡിലുള്ള വീട്ടമ്മയെയും മകളെയും അസഭ്യം പറയുകയും അശ്ലീലസംഭാഷണം നടത്തുകയും ചെയ്തതത് സന്തോഷാണെന്ന് തിരിച്ചറിഞ്ഞത്. വീട്ടിൽ അതിക്രമിച്ചു കയറാനും ശ്രമിച്ചിരുന്നു. യുവതിയുടെ പരാതിയിൽ അജ്ഞാതനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു.. ഇരു കേസുകളിലും സന്തോഷിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി.

സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ എസ്. വിജയശങ്കർ, സബ്ഇൻസ്‌പെക്ടർമാരായ വിപിൻകുമാർ കെ.ജി, തോമസ് കെ. എക്‌സ്, മധു, വിദ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിട‌ികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.