കൊച്ചി: കൊച്ചി - മംഗലാപുരം എൽ.എൻ.ജി പൈപ്പ്ലൈനിന്റെ ആദ്യത്തെയും അവസാനത്തെയും ഗുണഭോക്താക്കൾ വളം നിർമ്മാണശാലകൾ. തുടക്കത്തിൽ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (ഫാക്ട് ). അവസാനം മാംഗ്ളൂർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് (എം.സി.എഫ് ).
വൈപ്പിനിലെ ടെർമിനലിൽ നിന്ന് 11 കിലോമീറ്റർ അടുത്തുള്ള ഫാക്ട് 2013 ഒക്ടോബർ മുതൽ എൽ.എൻ.ജി സ്വീകരിക്കുന്നുണ്ട്. ടെർമിനൽ പൂർത്തിയായ ഉടൻ ഫാക്ടിന് എൽ.എൻ.ജി ലഭിച്ചു. ഉദ്യോഗമണ്ഡൽ യൂണിറ്റിലെ ബോയ്ലറുകൾ, വൈദ്യുതനിലയം എന്നി പൂർണമായും എൽ.എൻ.ജിയിലാണ് പ്രവർത്തിക്കുന്നത്. അമോണിയ നിർമ്മിക്കാൻ അസംസ്കൃതവസ്തുവായും എൽ.എൻ.ജി ഉപയോഗിക്കുന്നു.
പൈപ്പ്ലൈൻ അവസാനിക്കുന്നത് കർണാടകത്തിലെ മംഗലാപുരം ആർക്കുളയിലെ എം.സി.എഫ് പ്ളാന്റിലാണ്. കഴിഞ്ഞ നവംബർ 23 ന് എം.സി.എഫിൽ എൽ.എൻ.ജി ലഭ്യമാക്കി. ഒരുലക്ഷം ക്യുബിക് മീറ്റർ എൽ.എൻ.ജിയാണ് പ്രതിദിനം ഉപയോഗിക്കുന്നത്. മുഴുവൻ പ്ളാന്റുകളും വൈദ്യുതനിലയവും ഉപയോഗിക്കുന്നതോടെ പത്തുലക്ഷം ക്യുബിക് മീറ്ററായി വർദ്ധിക്കും.
കൊച്ചിയിൽ 2013 ൽ തന്നെ 48 കിലോമീറ്റർ പൈപ്പ്ലൈൻ സ്ഥാപിച്ച് വിതരണം ആരംഭിച്ചിരുന്നു. ഫാക്ടിന് പുറമെ ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എൽ), ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (ടി.സി.സി), നിറ്റാ ജലാറ്റിൻ, ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ്, വൈദ്യുതനിലയമായ ബി.എസ്.ഇ.എസ്, ടാറ്റാ സിറാമിക്സ്, ഡബ്ളിയു.എസ്. ബയേർഡ്, മലയ റബ്ടെക്, സബ്കെമി എന്നിവയാണ് കൊച്ചിയിലെ ഉപഭോക്താക്കൾ.
പൈപ്പ്ലൈൻ കടന്നുപോകുന്ന എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കർണാടകത്തിലെ ബണ്ഡ്വാൾ, മംഗളൂരു താലൂക്കുകളിലെ വ്യവസായങ്ങൾക്കും എൽ.എൻ.ജി ലഭ്യമാക്കും. തൃശൂരിലെ മാള വ്യവസായമേഖലയിലേക്ക് ഉപപൈപ്പ് സ്ഥാപിച്ചു. പാലക്കാട് ജില്ലയിൽ വാളയാർ വരെ പൈപ്പ്ലൈൻ പൂർത്തിയാക്കി. മലബാർ സിമന്റ്സ് ഉൾപ്പെടെ വ്യവസായങ്ങൾക്ക് വാതകം ലഭ്യമാക്കും.
എല്ലാ ജില്ലകളിലും സബ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. അവിടെ നിന്ന് ഉപപൈപ്പ് ലൈൻ സ്ഥാപിച്ച് വ്യവസായശാലകൾക്ക് വാതകം നൽകും.
മംഗലാപുരത്തെ ഒ.എം.പി.എൽ, എം.ആർ.പി.എൽ എന്നിവ ഉൾപ്പെടെ കമ്പനികളുമായി കരാർ ഒപ്പിട്ടുകഴിഞ്ഞതായി ഗെയിൽ ഉന്നതവൃത്തങ്ങൾ പറഞ്ഞു. ദക്ഷിണകന്നഡയിലെ നിരവധി കമ്പനികളുമായി ചർച്ചകൾ തുടരുകയാണ്.