കൊച്ചി: സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന സഹകാർ ഭാരതി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അക്ഷയശ്രീ വിജയസംഗമം ഇന്ന് രാവിലെ പത്തിന് എറണാകുളം കലൂർ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളായ സഹകാർ ഭാരതി, അക്ഷയശ്രീ പ്രവർത്തകരെ ആദരിക്കും. ആർ.എസ്.എസ് സിനിയർ പ്രചാരകനും സീമ ജാഗരൺമഞ്ച് ദേശീയ സംയോജകനുമായ എ. ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. സഹകാർഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. ആർ. കെ. പ്രതാപ് അദ്ധ്യക്ഷത വഹിക്കും. സഹകാർഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ബി. ജയരാജൻ വിജയസംഗമം ഉദ്ഘാടനം ചെയ്യും.
ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ജനപ്രതിനിധികളെ ആദരിക്കും. സഹകാർഭാരതി വനിതാസെൽ സംസ്ഥാന പ്രമുഖയും കൊച്ചി കോർപ്പറേഷൻ കൗൺസിലറുമായ മിനി ആർ മേനോൻ, എറണാകുളം ജില്ലാ സെക്രട്ടറി അനിൽ പുരുഷോത്തമൻ, ജില്ലാ ട്രഷറർ പി. ടി. മനോജ് കുമാർ, വനിതാസെൽ എറണാകുളം ജില്ല പ്രമുഖ ഉമാദേവി എന്നിവർ പങ്കെടുക്കും.