കൊച്ചി: ഉഴിച്ചിലും പിഴിച്ചിലും മാത്രം പോരാ, കച്ചേരിപ്പടി ആയുർവേദ ആശുപത്രിയിലെ മുകൾ നിലയിൽ കയറാൻ കൊച്ചി കോർപ്പറേഷൻ മുട്ടു മടക്കണം. പണി പൂർത്തിയായി കാലങ്ങളായിട്ടും ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. ലിഫ്റ്റ് പ്രവർത്തിക്കണമെങ്കിൽ കോർപ്പറേഷൻ കനിയണം. കെട്ടിട അനുമതിയും ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റും ഹാജരാക്കിയാൽ മാത്രമേ ലിഫ്റ്റ് പ്രവർത്തിക്കാൻ അനുമതി ലഭിക്കുകയുള്ളു. ഈ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കണമെങ്കിൽ കോർപ്പറേഷനിൽ നിന്നുള്ള കെട്ടിട നമ്പർ ലഭിക്കണം. കഴിഞ്ഞ മൂന്നു വർഷമായി ആശുപത്രി അധികൃതർ കോർപ്പറേഷൻ ഓഫീസ് കയറിയിറങ്ങിയിട്ടും കെട്ടിട നമ്പർ ലഭിച്ചിട്ടില്ല. മേയറുടെ വിവേചനാധികാരം ഉപയോഗിച്ച് കെട്ടിട നമ്പർ നൽകാൻ വകുപ്പുണ്ടെങ്കിലും അതിനുള്ള സൗമനസ്യം മുൻ ഭരണക്കാരുടെ ഭാഗത്തു നിന്നുണ്ടായില്ല.
ഉപയോഗശൂന്യമായി പേവാർഡ്
അഞ്ചു നിലയുള്ള ആശുപത്രിയിൽ മൂന്നു നിലയ്ക്ക് മാത്രമേ പ്രവർത്തനാനുമതിയുള്ളു. മുകളിലത്തെ നിലകൾക്ക് കെട്ടിടാനുമതിയോ ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റോ ഇല്ല. കൊവിഡിന് മുമ്പ് നിത്യേന 850 രോഗികളാണ് ഇവിടെ ചികിത്സയ്ക്കെത്തിയിരുന്നത്. കഴിഞ്ഞ നവംബർ മുതൽ കിടത്തിചികിത്സ ആരംഭിച്ചിട്ടുണ്ട് എന്നാൽ ലിഫ്റ്റില്ലാത്തതിനാൽ ആശുപത്രിയിലെ സൗകര്യങ്ങൾ കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്നില്ല. കോടിക്കണക്കിന് വിലവരുന്ന മരുന്ന് സൂക്ഷിക്കുന്നത് നാലാംനിലയിലെ പേ വാർഡിലാണ്. ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ മരുന്ന് എടുക്കണമെങ്കിൽ ദിവസവും പടികൾ കയറണം. മൂന്നാംനിലയിലെ യോഗ സെന്ററിലെത്തണമെങ്കിലും പടി ചവിട്ടണം. പ്രായമായ രോഗികളും കുട്ടികളുമാണ് ഏറെ പ്രയാസപ്പെടുന്നത്. മുകൾ നിലയിലുള്ള പണി പൂർത്തിയായ 16 പേ വാർഡുകൾ പത്തു വർഷമായി ഉപയോഗിക്കാതെ കിടക്കുകയാണ്. കെട്ടിടാനുമതിയും ലിഫ്റ്റിന്റെ പ്രവർത്തനവും ഇല്ലാത്തതുകൊണ്ട് പേ വാർഡുകൾ തുറന്നു കൊടുക്കാൻ കഴിയുന്നില്ല. ഈവകയിൽ വൻ വരുമാനനഷ്ടമാണ് സംഭവിക്കുന്നത്.
ലിഫ്റ്റിനുള്ള തടസങ്ങൾ
ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, അഗ്‌നിശമനസേന എന്നിവയുടെ എൻ.ഒ.സി (നിരാക്ഷേപ പത്രം) ആവശ്യമാണ്
അതിന് അപേക്ഷിക്കണമെങ്കിൽ കോർപ്പറേഷൻ നൽകുന്ന ബിൽഡിംഗ് പെർമിറ്റ് നമ്പറും തീയതിയും ആവശ്യമാണ്
ഫയർ യൂണിറ്റ് പ്രവർത്തനത്തിനായി 20000 ലിറ്റർ സംഭരണശേഷിയുള്ള അപ്പർഗ്രൗണ്ട് വാട്ടർ ടാങ്ക് നിർമ്മിക്കണം.
പവർ റൂം നിർബന്ധമാണ്. ഇതിനെല്ലാമുള്ള ഫണ്ട് ജില്ല പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. എന്നാൽ കെട്ടിട നമ്പർ ലഭ്യമാക്കിയാൽ മാത്രമേ ഇതിന്റെയെല്ലാം പ്രാഥമിക നടപടിക്രമങ്ങൾ ആരംഭിക്കാൻ കഴിയുകയുള്ളു
മേയറെ കാര്യങ്ങൾ
ബോODധ്യപ്പെടുത്തും
അനുമതി വാങ്ങാതെ നിർമ്മിച്ച ആശുപത്രി കെട്ടിടത്തിന് നമ്പർ നൽകാൻ നിർവാഹമില്ലെന്നാണ് കോർപ്പറേഷന്റെ നിലപാട്. കെട്ടിട നിർമ്മാണം അധികൃതർ സാധൂകരിച്ചു നൽകുകയും അതു റെഗുലറൈസ് ചെയ്ത് നമ്പർ അനുവദിക്കുകയുമാണ് ഏക പോംവഴിയെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഇക്കാര്യങ്ങൾ മേയർ അഡ്വ.എം.അനിൽകുമാറിനെ നേരിൽ കണ്ട് വിശദീകരിക്കാനുള്ള ഒരുക്കത്തിലാണ് ആശുപത്രി അധികൃതർ.