gracy
ഗ്രേസി

ആലുവ: ആലുവ മേഖലയിൽ ഫോട്ടോഗ്രഫി രംഗത്തെ ആദ്യ വനിത സാന്നിദ്ധ്യമായിരുന്നു ഇന്നലെ നിര്യാതയായ ആലുവ ഉളിയന്നൂർ കുമ്മനംചാത്ത് വീട്ടിൽ പരേതനായ രാജുവിന്റെ ഭാര്യ മരിയാ സൂസി രാജു എന്ന ഗ്രേസി. പ്രാദേശികമായി നടക്കുന്ന പൊതുചടങ്ങുകൾ തുടങ്ങി ദേശീയ നേതാക്കൾവരെ പങ്കെടുക്കുന്ന ചടങ്ങുകളിൽ കഴുത്തിൽ കാമറയും തൂക്കിവരുന്ന ഗ്രേസിയുടെ ചിത്രം ആരും വേഗത്തിൽ മറക്കില്ല.

ആലുവ പൊലീസിനു വേണ്ടി ഇവർ ഒട്ടേറെ ചിത്രങ്ങൾ എടുത്തിട്ടുണ്ട്. അജ്ഞാത മൃതദേഹങ്ങളുടെയും ട്രെയിൻ തട്ടി ഛിന്നഭിന്നമായ മൃതദേഹങ്ങളുടെയുമെല്ലാം ഇൻക്വസ്റ്റിനാവശ്യമായ ചിത്രങ്ങൾ പകർത്താൻ പൊലീസ് ആശ്രയിച്ചിരുന്നത് ഗ്രേസിയെയാണ്. മതിയായ വേതനം ലഭിക്കില്ലെങ്കിലും മടികൂടാതെ ജോലിചെയ്യുകയായിരുന്നു ഇവരുടെ രീതി. റെയിൽവേ സ്റ്റേഷൻ റോഡിലായിരുന്നു ആദ്യകാലത്ത് സ്റ്റുഡിയോ പ്രവർത്തിച്ചിരുന്നത്. ഈ കെട്ടിടം പൊളിച്ചതിനെ തുടർന്ന് കുറെക്കാലം തോട്ടക്കാട്ടുകര കടുങ്ങല്ലൂർ റോഡിലും സ്റ്റുഡിയോ നടത്തി. പീന്നീടാണ് മക്കൾക്കൊപ്പം ബംഗളൂരുവിലേക്ക് പോയത്.

ആലുവയിലെ ഫോട്ടോഗ്രഫർമാരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടയാളാണ് രണ്ട് വർഷം മുമ്പ് മരിച്ച സുനീഷ് കോട്ടപ്പുറം. ചിത്രത്തിന്റെ ഭംഗിക്കൊപ്പം പൊക്കക്കുറവാണ് സുനീഷിനെ ശ്രദ്ധേയമാക്കിയതെങ്കിൽ സുനീഷ് എത്തുന്നതിന് മുമ്പ് കഴുത്തിൽ കാമറയും തൂക്കി ഇരുചക്ര വാഹനത്തിലെത്തുന്നതാണ് ഗ്രേസിയെ ശ്രദ്ധേയയാക്കിയത്. ഗ്രേസിയുടെ ഫോട്ടോഗ്രഫി മേഖലയിലെ കഴിവ് ജനങ്ങൾക്ക് മുമ്പിൽ ആദ്യമായി അവതരിപ്പിച്ചത് 'കേരളകൗമുദി'യാണ്. വർഷങ്ങൾക്ക് മുമ്പ് വനിതാ ദിനത്തിൽ ഇവരെക്കുറിച്ച് 'കേരളകൗമുദി' പ്രത്യേക ഫീച്ചർ പ്രസിദ്ധീകരിച്ചിരുന്നു.

ആലുവയിൽ പ്രശസ്തമായിരുന്ന വർണ സ്റ്റുഡിയോ ഉടമയായിരുന്ന ഗ്രേസി അർബുദത്തെ തുടർന്ന് ഇന്നലെ പുലർച്ചെയാണ് ആലുവ അൻവർ പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിൽ വെച്ച് മരിച്ചത്. ആലുവയിലെ സ്റ്റുഡിയോ നിർത്തിയ ശേഷം കുറച്ചുകാലമായി മക്കൾക്കൊപ്പം ബംഗളൂരുവിലായിരുന്നു.