കൊച്ചി: കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ച് ഗെയിൽ (ഇന്ത്യ) ലിമിറ്റഡ് നിർമ്മാണം പൂർത്തിയാക്കിയ കൊച്ചി - മംഗളൂരു ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി ) പൈപ്പ്ലൈൻ 5ന് രാവിലെ 11ന് വീഡിയോ കോൺഫറൻസിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിക്കും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കർണാടക ഗവർണർ വാജഭായ് വാല, മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, കേന്ദ്ര എണ്ണ പ്രകൃതിവാതക സ്റ്റീൽ മന്ത്രി ധർമ്മേന്ദ്ര പ്രഥാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കൊച്ചിയിലാണ് കേരളത്തിന്റെ ഉദ്ഘാടനവേദി.
കേരളത്തിലും കർണാടകത്തിലും പരിസ്ഥിതിസൗഹൃദ ഇന്ധനം വ്യാപകമാക്കുന്നതിൽ സുപ്രധാന നാഴികക്കല്ലാണിതെന്ന് ഗെയിൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മനോജ് ജെയിൻ ഓൺലൈൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈപ്പിനിലെ എൽ.എൻ.ജി ടെർമിനലിൽ നിന്നുള്ള വാതകം എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ വഴി 444 കിലോമീറ്റർ പൈപ്പ് ലൈലിലൂടെ കർണാടകയിലെ മംഗളൂരിലെത്തും.
പെട്രോകെമിക്കൽ, ഊർജം, രാസവളം മേഖലകൾക്ക് സംശുദ്ധമായ ഇന്ധനമാണ് ലഭിക്കുക. വാതകാധിഷ്ടിത വ്യവസായങ്ങളുടെ വളർച്ചയ്ക്ക് ഇത് ഏറെ ഗുണം ചെയ്യും. രണ്ടു സംസ്ഥാനങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്കും വഴിയൊരുക്കും. 2013ൽ ആരംഭിച്ചെങ്കിലും എതിർപ്പുകൾ മറികടന്ന് 2016 മുതലാണ് നിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിലായത്. കേരള, കർണാടക സർക്കാരുകളുടെ സമ്പൂർണ സഹകരണം പദ്ധതിക്ക് ലഭിച്ചതായി മനോജ് ജെയിൻ പറഞ്ഞു.
മാർക്കറ്റിംഗ് ഡയറക്ടർ ഇ.എസ്.രംഗനാഥൻ, ഗെയിൽ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ എം.വി.അയ്യർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഗെയിൽ
ഇന്ത്യയിലെ മുൻനിര പൊതുമേഖലാ പ്രകൃതിവാതക കമ്പനിയാണ് ഗെയിൽ. വിതരണം, എൽ.പി.ജി ഉത്പാദനം, വിപണനം, എൽ.എൻ.ജി റീഗ്യാസിഫിക്കേഷൻ, പെട്രോകെമിക്കൽസ്, സിറ്റി ഗ്യാസ് എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. രാജ്യത്ത് 6,700 കിലോമീറ്റർ പൈപ്പ് ലൈനിന്റെ നിർമ്മാണം നടത്തിവരികയാണ്. ഗെയിലിന് വാതക വിതരണത്തിൽ 70 ശതമാനം വിപണി പങ്കാളിത്തമുണ്ട്. പ്രകൃതിവാതക വിപണനരംഗത്ത് 55 ശതമാനവുമുണ്ട്. എൽ.എൻ.ജി വിപണിയിൽ ഗെയിൽ ആഗോളതലത്തിൽ മുൻനിരക്കാരാണ്.