civildifenee
മഞ്ഞപ്രപുത്തൻ പള്ളിയിൽ നടന്ന സംസ്കാര ചടങ്ങുകൾക്ക് അങ്കമാലിയിലെ സിവിൽ ഡിഫൻസ് അംഗങ്ങളൾ നേതൃത്വം നൽകുന്നു

അങ്കമാലി: മഞ്ഞപ്ര പുത്തൻ പളളി അരീക്കൽ വീട്ടിൽ പരേതനായ പൗലോ മകൻ എ.പി വർഗ്ഗീസ് കൊവിഡ് ബാധിച്ച് മരണമടഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളുടെ ചുമതല സിവിൽഡിഫൻസ് ഏറ്റെടുത്തു. അങ്കമാലി അഗ്‌നി സുരക്ഷാ ഓഫീസർ ഡിബിൻ കെ.എസ്, കോഓർഡിനേറ്റർമാരായ ബെന്നി അഗസ്റ്റിൻ, ബിനോജ് എം. വി. എന്നിവരുടെ മേൽനോട്ടത്തിൽ സിവിൽ ഡിഫൻസ് വോളണ്ടിയർമാർ സംസ്‌ക്കാര ചടങ്ങിന് നേതൃത്വം നൽകി. കേരള ഫയർഫോഴ്‌സിന് കീഴിൽ അങ്കമാലി ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷന്റെ പരിധിയിൽ വരുന്ന ഏത് പ്രതിരോധ പ്രവർത്തനത്തിനും സഹായത്തിനും സദാ തയ്യാറാണ് ഈ പ്രതിരോധ സേന. ജനങ്ങളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നങ്ങൾക്കു മുൻപിലും സിവിൽ ഡിഫൻസ് സേന കൈത്താങ്ങായി എത്തുന്നു. സ്റ്റേഷൻ തലത്തിലും ജില്ലാതലത്തിലും പരിശീലനം നേടി പ്രതിഫലോച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഇവർ. ബഹുമുഖമായ പ്രവർത്തനങ്ങളാണ്ഇവർ ഏറ്റെടുക്കുന്നത്. ഈ മേഖലയിൽ 6 വീടുകൾ പുനർനിർമ്മിച്ചു നൽകി.കൂടാതെ കുടിവെള്ളത്തിനായി കിണർ നിർമ്മിച്ചു നൽകുകയും ചെയ്തിട്ടുണ്ട്. കൊവിഡ് കാലത്ത് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും മരുന്ന് വിതരണം ചെയ്യുന്നതിനും അണുനശീകരണം നടത്തുന്നതിനും ഇവർ മാതൃകാപരമായ സേവനം കാഴ്ചവച്ചിട്ടുണ്ട്. ഇടുക്കിയിലെ പെട്ടിമുടിയിലെ ദുരന്തഭൂമിയിലും ഇവർ കർമ്മനിരതരായിരുന്നു. വെള്ളിയാഴ്ച മഞ്ഞപ്ര പുത്തൻ പള്ളിയിൽ നടന്ന സംസ്‌കാരത്തിന് ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ സച്ചിൻരാജ് എ ആർ, ക്യാപ്ടന്മാരായ രഖേഷ് രവി, സിൽവി ബൈജു വാർഡൻ ജസ്റ്റിൻ പീറ്റർ എന്നിവർ നേതൃത്വം നൽകി.