pinarayi-

കൊച്ചി:മൂന്നു സർക്കാരുകളുടെ കാലം പിന്നിട്ടാണ് കൊച്ചി എൽ.എൻ.ജി ടെർമിനലും മംഗലാപുരം പൈപ്പ്ലൈനും പൂർത്തിയായത്. ഒരുഘട്ടത്തിൽ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയിൽ നിന്ന് പദ്ധതിയെ പൂർണതയിൽ എത്തിച്ചത് പിണറായി വിജയൻ നയിക്കുന്ന എൽ.ഡി.എഫ് സർക്കാരാണ്. കേന്ദ്രസർക്കാരിന്റെ കാർക്കശ്യവും പദ്ധതിയെ ലക്ഷ്യത്തിലെത്തിച്ചു.പ്രകൃതിസൗഹൃദ ഇന്ധനം രാജ്യത്തും ലഭ്യമാക്കാനാണ് രണ്ട് എൽ.എൻ.ജി ടെർമിനലുകൾ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഗുജറാത്തിലെ ദഹേജ്, കൊച്ചി തുറമുഖങ്ങളിൽ ഒരേസമയം ടെർമിനലുകൾ നിർമ്മിക്കാൻ തീരുമാനിച്ചു. കൊച്ചിയിൽ നിന്ന് മലബാർ വഴി മംഗലാപുരത്തേക്കും കോയമ്പത്തൂർ വഴി ബംഗളൂരുവിലേക്കും പൈപ്പ്ലൈനുകൾക്കും പദ്ധതി തയ്യാറാക്കി.

വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ 2006 ൽ പദ്ധതിക്ക് അംഗീകാരം നൽകി. 2007 ജനുവരിയിൽ ടെർമിനലിന് തറക്കല്ലിട്ടു. 2013 ആഗസ്റ്റിൽ ടെർമിനൽ കമ്മിഷൻ ചെയ്തു. 43 കിലോമീറ്റർ പൈപ്പ്ലൈൻ സ്ഥാപിച്ച് കൊച്ചിയിലെ വ്യവസായങ്ങൾക്ക് എൽ.എൻ.ജി നൽകി.

മംഗലാപുരം വരെ പൈപ്പ് ലൈനിന് 2012 ൽ ഉമ്മൻ ചാണ്ടി സർക്കാർ അംഗീകാരം നൽകിയെങ്കിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ തീവ്രനിലപാടുള്ള സംഘടനകൾ പദ്ധതിക്കെരെ രംഗത്തിറങ്ങി. മുഖ്യധാരാ പാർട്ടികളും പ്രതിഷേധം ഏറ്റെടുത്തു. സർവേയും പൈപ്പിടലും തടസപ്പെട്ടു. ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടു.2013 നവംബറിൽ പണികൾ പൂർണമായി നിറുത്തി. കരാറുകൾ റദ്ദാക്കി. പൈപ്പ്ലൈൻ സ്ഥാപിച്ചേ തീരൂവെന്ന് കേന്ദ്ര സർക്കാർ കർശന നിലപാട് സംസ്ഥാനത്തെ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും ചീഫ് സെക്രട്ടറി ജിജി തോംസന്റെയും നേതൃത്വത്തിൽ പ്രതിഷേധം അവസാനിപ്പിക്കാൻ ശ്രമം തുടങ്ങി. ജില്ലാ കളക്ടർമാരെ നോഡൽ ഓഫീസർമാരാക്കി. പൊതുജനങ്ങളെ ബോധവത്കരിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. പണി പുനരാരംഭിക്കാൻ കഴിയാതായതോടെ പിന്മാറാൻ 2015 ൽ ഗെയിൽ തീരുമാനിച്ചു.സി.പി.എം സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളിൽ നിന്ന് സി.പി.എം പിന്മാറി. പദ്ധതി നടപ്പാക്കുമെന്ന് എൽ.ഡി.എഫ് പ്രകടനപത്രിയിൽ പഖ്യാപിച്ചു. 2016 അധികാരമേറ്റ എൽ.ഡി.എഫ്. സർക്കാർ സമരങ്ങൾ അവസാനിപ്പിക്കാൻ ശ്രമം ആരംഭിച്ചു. ജില്ലാ ഭരണകൂടങ്ങൾ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരെ ഉപയോഗിച്ച് ബോധവത്കരണം നടത്തി. പദ്ധതി അപകടം സൃഷ്ടിക്കില്ലെന്നും സ്ഥലത്തിന് വിപണിവില ഉറപ്പാക്കുമെന്നും വ്യക്തമാക്കി.സ്ഥലം ഏറ്റെടുപ്പ് പുനരാരംഭിച്ചു. സ്ഥലത്തിന്റെ വില ഇരട്ടിയാക്കി. തീവ്രപ്രതിഷേധങ്ങൾ പൊലീസ് നേരിട്ടു. ദുരന്തനിവാരണ നിയമം അനുസരിച്ചും പ്രതിഷേധക്കാർക്കെതിരെ നടപടികൾ ആരംഭിച്ചു. നിർമ്മാണ പുരോഗതി അവലോകനം ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ സെൽ പ്രവർത്തിച്ചു.

പ്രതിഷേധങ്ങൾ നിലച്ചതോടെ നിർമ്മാണം വേഗത്തിലായി. കേന്ദ്ര സർക്കാരും ഗെയിലും ഉഷാറായി. 2018 ഡിസംബറിനകം നിർമ്മാണം പൂർത്തിയാക്കാൻ കേന്ദ്രം ഗെയിലിന് അന്ത്യശാസനം നൽകി. രണ്ടു പ്രളയങ്ങളും ഭൂപ്രകൃതിയുടെ പ്രശ്നങ്ങളും മൂലം 2020 നവംബറിലാണ് പണി പൂർത്തിയായത്. എൽ.ഡി.എഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ വിജയമാണ് പൈപ്പ്ലൈൻ.

സമര പരമ്പര മറികടന്ന് മലബാറിൽ ഗെയിൽ

മലപ്പുറം: നാടാകെ ഇളക്കിമറിച്ച സമര പരമ്പരകൾ മറികടന്നാണ് മലബാറിൽ ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കിയത്. 2010ൽ തുടക്കമിട്ടെങ്കിലും ശക്തമായ എതിർപ്പിൽ മലപ്പുറത്തും കോഴിക്കോട്ടെ പലയിടങ്ങളിലും സർവേ പോലും നടത്താനായില്ല. 2015ൽ പൊലീസ് കാവലിൽ തുടങ്ങിയ സർവേ കനത്ത പ്രതിഷേധച്ചൂടിൽ ഏറെക്കാലം നിർത്തിവച്ചു.

മലപ്പുറത്ത് അരീക്കോടും പൊന്മളയും കോഴിക്കോട് മുക്കവും എരഞ്ഞിമാവുമായിരുന്നു പ്രധാന സമര കേന്ദ്രങ്ങൾ. ഹർത്താലും ലാത്തിച്ചാർജ്ജും അരങ്ങേറി. സ്ത്രീകളടക്കം നിരവധി പേ‌‌ർക്ക് പരിക്കേറ്റു. മലപ്പുറത്ത് 58ഉം കോഴിക്കോട് 80ഉം കിലോമീറ്ററാണ് പൈപ്പ്ലൈൻ. മുൻ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും സമര സമിതികളുടെ ഭാഗമായി. എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും തുടക്കം മുതലുണ്ടായിരുന്നു. തുടർപ്രവർത്തനങ്ങൾ നിലച്ചു. പിണറായി സർക്കാർ അധികാരമേറ്റ ശേഷം ശക്തമായി ഇടപെട്ടതോടെ 2017ൽ പദ്ധതിക്ക് വീണ്ടും ജീവൻ വച്ചു. എന്നിട്ടും കളക്ടമാരുടെ നേതൃത്വത്തിൽ സമരസമിതിയുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സുരക്ഷാഭീതിയും സ്ഥലം ഏറ്റെടുപ്പും നഷ്ടപരിഹാരവും സംബന്ധിച്ച ആശങ്കകളുമാണ് സമരക്കാർ ഉന്നയിച്ചത്. ജനങ്ങളുടെ സംശയങ്ങൾ പരിഹരിക്കുന്നതിൽ അധികൃതർ ജാഗ്രത കാട്ടാതിരുന്നതും സുരക്ഷ സംബന്ധിച്ച കുപ്രചാരണങ്ങളും സമരത്തിന് ആക്കം കൂട്ടി.