കൊച്ചി: അതിരുവിട്ട മൃഗസ്നേഹം പുലിവാലായി. യുവതിയും മകനും ഒരാഴ്ചക്കകം വാടകവീട് ഒഴിയണമെന്ന് ഉടമയും നാട്ടുകാരും. വാടക കുടിശികയുള്ള വീട്ടിൽ 50ൽ അധികം തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിന്റെ പേരിലാണ് ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ പാലസ് സ്ക്വയറിന് സമീപം വെള്ളോപ്പടി വീട്ടിൽ മഞ്ജുഷ (43) തെരുവിലിറങ്ങാൻ നിർബന്ധിതയായിരിക്കുന്നത്. ചെറുപ്പം മുതലുള്ള മൃഗസ്നേഹമാണ് ഇവർക്ക് വിനയായത്. ഏഴുവർഷം മുമ്പ് വീട്ടിൽ ഓമനിച്ചു വളർത്തിയിരുന്ന നായ രോഗംബാധിച്ച് ചത്തതിനെ തുടന്നാണ് മഞ്ജുഷ തെരുവുനായകളെ സംരക്ഷിച്ചു തുടങ്ങിയത്. ആദ്യമൊക്കെ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണവും പുറത്തുനിന്ന് വാങ്ങുന്ന പാലും ബിസ്ക്കറ്റും നൽകി തെരുവുനായകളെ സംരക്ഷിച്ചു. ഒരുദിവസം പോലും മുടങ്ങാതെയുള്ള അന്നദാനത്തിൽ ആകൃഷ്ടരായ നായകൾ പിന്നീട് മഞ്ജുഷയുടെ പുറകെ വീട്ടിലേക്ക് വരാൻ തുടങ്ങി. അങ്ങനെ വന്നവയ്ക്കെല്ലാം അഭയം നൽകുമ്പോൾ വാടകവീട് എന്ന പരിമിതിയും അസൗകര്യങ്ങളുമൊന്നും പരിഗണിച്ചില്ല. ദിവസങ്ങൾ കഴിഞ്ഞതോടെ വീടിനകത്തും പുറത്തുമായി നായകളുടെ എണ്ണം പെരുകി. അപ്പോഴും തെരുവിലെ പ്രാതലൂട്ട് മുടക്കിയിരുന്നുമില്ല. ദിവസം 10 കിലോ അരിയുടെ ചോറും കോഴിയിറച്ചിയുടെ അവശിഷ്ടങ്ങളുമൊക്കെ വേവിച്ചാണ് വിളമ്പുന്നത്. വീട്ടിലുള്ള നായ്ക്കളെ ഊട്ടിയശേഷം ഉച്ചകഴിഞ്ഞ് പുതിയകാവ്, കുരിയിക്കാട്, തൃപ്പൂണിത്തുറ, വടക്കേക്കോട്ട, ഇരുമ്പനം തുടങ്ങിയ പ്രദേശങ്ങളിലുള്ള തെരുവുനായകൾക്കും ഭക്ഷണം നൽകും. ഉച്ചക്ക് 3 മണിയോടെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ രാത്രി 11 നാണ് തിരിച്ചെത്തുന്നത്. വീണ്ടും പുലർച്ചെ 3 ന് ഉണർന്ന് അടുത്തദിവസത്തെ ഭക്ഷണം തയ്യാറാക്കും. ഇതിനിടെ മകന് കൃത്യമായി ഭക്ഷണമുണ്ടാക്കി നൽകുമെന്നല്ലാതെ സ്വന്തം കാര്യം ശ്രദ്ധിക്കാറെയില്ല, കഴിച്ചെങ്കിലായി, ഇല്ലെങ്കിൽ ഇല്ല.
മൃഗസ്നേഹത്തെക്കുറിച്ച് പ്രസ്താവനയിറക്കാനും പ്രസംഗിക്കാനുമൊക്കെ ഒരുപാട് പേരും സംഘടനകളുമുള്ള നാട്ടിലാണ് നിരാലംബയായൊരു സ്ത്രീ സ്വന്തം ജീവിതം തെരുവുനായ്ക്കൾക്ക് സമർപ്പിച്ച് വഴിയാധാരമാകുന്നത്. എന്തായാലും പണി പാളി. ഇനി വീടൊഴിയുക മാത്രമാണ് പോംവഴി. പക്ഷേ, ഈ നായ്ക്കളെ എന്തുചെയ്യുമെന്ന മഞ്ജുഷയുടെ ചോദ്യത്തിന് ആര് ഉത്തരം നൽകുമെന്നതാണ് ഇനി കണ്ടറിയേണ്ടകാര്യം. 20 വർഷത്തോളമായി ഭർത്താവുമായി പിണങ്ങിക്കഴിയുന്ന മഞ്ജുഷയ്ക്ക് സ്വന്തമായി ജോലിയും വരുമാനവുമില്ല. അടുത്തബന്ധുക്കളും ചില സുഹൃത്തുക്കളും നൽകിയ സഹായംകൊണ്ടാണ് ജീവിതം തള്ളിനീക്കിയത്. അതിനിടെ തെരുവുനായ്ക്കളെ ഊട്ടാനുള്ളതത്രപ്പാടിനിടെ വീടിന്റെ വാടകയും കുടിശികയായി.